ദേശീയ വിദ്യാഭ്യാസ നയം – രാജ്യവ്യാപക പ്രചാരണത്തിന് ആർഎസ്എസ്

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിനായി രാജ്യവ്യാപക പ്രചരണത്തിന് ആർഎസ്എസ് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. ആർ എസ് എസ്സിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സൻസ്ഥാൻ സെപ്റ്റംബർ 11 മുതൽ ഇതിനായുളള ബോധവൽകരണ പരിപാടികൾ ആരംഭിക്കും. വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിദ്യാഭാരതി ജനറൽസെക്രട്ടറി ശ്രീറാം ആരോവ്കർ പറയുന്നു.

ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസം, ഹോളിസ്റ്റിക് എഡ്യൂക്കേഷൻ, അറിവ് ആധാരമാക്കിയുള്ള സമൂഹം , ഗുണാധിഷ്ഠിത വിദ്യാഭ്യാസം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. പെയിൻറിങ് മത്സരം, പ്രധാനമന്ത്രിക്ക് കത്തെഴുതൽ, പ്രസംഗം തയ്യാറാക്കൽ, പ്രബന്ധരചന, ഹ്രസ്വ ചലച്ചിത്ര നിർമ്മാണം, ഡിജിറ്റൽ ഡിസൈനിങ് തുടങ്ങിയ ഇനങ്ങളിലാകും മത്സരങ്ങൾ നടക്കുക. വിജയികൾക്ക് ക്യാഷ് അവാർഡുകളും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.

ദേശീയ വിദ്യാഭ്യാസനയം ആർഎസ്എസിൻ്റെ അജണ്ടയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കവെയാണ് ആർഎസ്എസ് നേരിട്ട് പദ്ധതിയുടെ പ്രചാരണത്തിനായി ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

Share
അഭിപ്രായം എഴുതാം