മലപ്പുറം: കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കും ലബോറട്ടറി പരിശോധനയ്ക്കും മലസൗകര്യമുള്ള മൂന്ന് അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളാണ് ഉദ്ഘാടനം ചെയ്തത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ രണ്ട് മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ജില്ലയില്‍ പുതിയ മൂന്നു യൂണിറ്റുകള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍, എന്‍.എച്ച്.എം തുടങ്ങിയവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്വാറന്റൈനിലുള്ളവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി പരിഹരിക്കാനാകും. അണുബാധ നിയന്ത്രണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ സാമ്പിള്‍ ശേഖരണം, സാധാരണ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്കുമുള്ള സേവനങ്ങള്‍, പ്രഥമശുശ്രൂഷ, റഫറല്‍ സേവനങ്ങള്‍, കുടുംബാസൂത്രണ സേവനങ്ങള്‍, പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം, രോഗപ്രതിരോധം, ദേശീയ ആരോഗ്യ പദ്ധതി നടപ്പാക്കല്‍, ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പതിവ് ലാബ് പരിശോധന, വിട്ടുമാറാത്ത എല്ലാ രോഗങ്ങളുടെയും രോഗനിര്‍ണയം, പതിവ് ചികിത്സ, അടിയന്തിര സാഹചര്യത്തില്‍ രോഗിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവക്ക് യൂനിറ്റുകള്‍ പ്രയോജനപ്പെടുത്താം
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7674/mobile-medical-surveillance-team-inauguration-.html