മയക്കുമരുന്ന് കേസിൽ 25 ബോളിവുഡ് താരങ്ങളുടെ പട്ടിക; ചോദ്യം ചെയ്യൽ ഉടൻ

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി).

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക്ക് എന്നിവരുടെ മൊഴിയനുസരിച്ച് ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ പട്ടിക തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്.

മയക്കുമരുന്ന് കൈവശം വെക്കൽ, പണം വാങ്ങി വിറ്റഴിക്കൽ, ഉപയോഗം തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നു കരുതുന്ന 25 പേരുടെ പട്ടികയാണ് തയാറാക്കിയത്. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. റിയ ചക്രവർത്തിയിൽ നിന്ന് അന്വേഷണ സംഘം കൂടുതൽ താരങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ബോളിവുഡ് ലോകത്ത് ശക്തമായ മയക്കുമരുന്ന് മാഫിയ സാന്നിധ്യമുണ്ടെന്ന് എൻ.സി.ബിക്ക് വ്യക്തമായിട്ടുണ്ട്. ഒട്ടേറെ ഡിജിറ്റൽ തെളിവുകൾ പ്രതികളിൽ നിന്നും പിടിച്ചെടുത്തിരുന്നു. താൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നതായും മയക്കുമരുന്ന് സംഘത്തിലെ ചിലരുമായി ബന്ധമുണ്ടായിരുന്നതായും റിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം