ചണ്ഡീഗഡ്: കോവിഡ് കാലം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കഷ്ടകാലമാണ്. രാജ്യമാകെ കുട്ടികൾ കൂട്ടത്തോടെ സർക്കാർ സ്കൂളുകളിലേക്ക് പോകുന്നതാണ് സ്വകാര്യ വിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
പഞ്ചാബിൽ കോവിഡിന് ഇടയിൽ ആരംഭിച്ച അധ്യയനവർഷത്തിൽ 1.65 ലക്ഷം വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളെ ഉപേക്ഷിച്ച് സർക്കാർ സ്കൂളുകളിൽ ചേർന്നതായാണ് റിപ്പോർട്ട്. മുൻവർഷം പഞ്ചാബിൽ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയ ആകെ വിദ്യാർത്ഥികളുടെ എണ്ണം 2.25 ലക്ഷം ആയിരുന്നു. ഇത്തവണ അത് 3.27 ലക്ഷമായി വർദ്ധിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യ സ്കൂളുകളെ ഉപേക്ഷിക്കാൻ മിക്ക വിദ്യാർത്ഥികളെയും നിർബന്ധിതരാക്കുന്നത് എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ലോക്ഡൗണിൽ സാമ്പത്തിക ഞെരുക്കത്തിലായ രക്ഷിതാക്കൾക്ക് സ്വകാര്യ സ്കൂളുകളുടെ ഫീസ് താങ്ങാനാകാത്തതാണ് മറ്റൊരു കാരണം.