വിദ്യാഭ്യാസം സർക്കാർ കാര്യം മാത്രമല്ല അത് എല്ലാവരുടെയും ആണ് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിൻറെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ പരിഷ്കരണമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത ഗവർണർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻറെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രധാന മാർഗമാണ് വിദ്യാഭ്യാസം. പക്ഷേ അത് സർക്കാരിൻറെ മാത്രം കാര്യമില്ല, സർക്കാർ ഇടപെടലുകൾ ഈ മേഖലയിൽ കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ രാജ്യത്ത് തുറക്കാനുള്ള വഴി ഒരുക്കലും പുതിയ വിദ്യാഭ്യാസ നയത്തിൻറെ ലക്ഷ്യമാണ്. വിദ്യാർഥികൾക്ക് അവരുടെ അഭിരുചികൾക്കൊത്ത് വളരാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള പ്രവർത്തനങ്ങൾ നാലഞ്ച് വർഷം മുമ്പാണ് ആരംഭിച്ചത്. ഗ്രാമീണ, നഗര, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ എൻ‌ഇ‌പിക്കായി നിർദ്ദേശങ്ങൾ നൽകിയിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകൾ അവരുടെ നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ട്, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിന് ഈ നയം ഒരു പുതിയ ദിശാബോധം നൽകും, അദ്ദേഹം കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം