പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

കൊട്ടിയം: പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടുപായി മര്‍ദ്ദിക്കുകയും മുദ്രപേപ്പറില്‍ ഒപ്പിടീക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായി പരാതി. കൊട്ടിയം ഒറ്റപ്ലാമൂട്‌ ഷാബുഭവനില്‍ ഷാബു(24) വിനെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. രണ്ടുവഹനങ്ങളില്‍ എത്തിയ സംഘം വീടിന്‌ സമീപത്തുനിന്നും ‌ ഷാബുവിനെ ബലമായി വാഹനത്തില്‍ കയറ്റുകയായിരുന്നു. ഷാബു നേരത്തേ ജോലി നോക്കിയിരുന്ന സ്ഥാപന ഉടമയെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തതായാണ്‌ സൂചന. 2020 സെപ്‌തംബര്‍ 6 ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങങ്ങേറിയത്‌.

രാവിലെ യുവാവിന്റെ വീട്ടിലെത്തിയ സ്ഥാപന ഉടമ ചില മുദ്രപേപ്പറുകളില്‍ ഒപ്പിട്ടുകൊടുക്കാന്‍ ഷാബുവിനോട്‌ ആവശ്യപ്പെട്ടതായും എന്നാല്‍ ഷാബു നിരസിച്ചതായും അറിയുന്നു. അതോടെ അയാള്‍ വീട്ടുകാരെ ഉള്‍‌പ്പെടെ ഭീഷണിപ്പെടുത്തിയിട്ട്‌ പുറത്തേക്ക്‌ പോവുകയായിരുന്നു. തുടര്‍ന്ന്‌ റോഡില്‍ വാഹനത്തില്‍ കാത്തുനിന്ന സംഘം ഷാബു ജിംനേഷ്യത്തിലേക്ക്‌ പോകുന്നതിനിടെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോകുകയായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ യുവാവിനെ ചാത്തന്നൂര്‍ പോലീസ്‌ സ്‌റ്റേഷന്‌ സമീപം എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞ്‌ ചാത്തന്നൂ രിലെത്തിയ കൊട്ടിയം പോലീസ്‌ സംഘം ബാബുവിനെ കൊട്ടിയത്തേക്ക്‌ കൊണ്ടുവന്നു.

സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് മാറിയതിന്റെ നീരസത്തില്‍ തന്നെ പണമിടപാടുകളില്‍ കുരുക്കി കളളക്കേസുണ്ടാക്കാനുളള ശ്രമമാണ്‌ സ്ഥാപന ഉടമ നടത്തിയതെന്ന്‌ ഷാബു പോലീസിനോട്‌ പറഞ്ഞു. തന്നെ കൊണ്ടു പോകുന്ന വഴി ആധാരം എഴുത്തുകാരന്റെയും വക്കീലി ന്റെയും വീടുകളില്‍ എത്തിച്ച്‌ ചില പേപ്പറുകളില്‍ ഒപ്പിടാന്‍ നിര്‍ബ്ബന്ധിച്ചതായും താന്‍ വഴങ്ങാതെ വന്നതോടെ ഭീഷണി പ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഷാബു പറഞ്ഞു. ഒടുവില്‍ വക്കീല്‍ പറഞ്ഞതനുസരിച്ചാണ്‌ തന്നെ ചാത്തന്നൂര്‍ എത്തിച്ചശേഷം സംഘം സ്ഥലം വിട്ടതെന്നും ഷാബു പറഞ്ഞു.

Share
അഭിപ്രായം എഴുതാം