കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ബുധനാഴ്ച 11 മണിക്ക് മുമ്പ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നായിരുന്നു നോട്ടീസ്. ചോദ്യംചെയ്യൽ അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ എൻഫോഴ്സ്മെൻറ് ഓഫീസിൽ എത്തിയിരുന്നു. എന്നാൽ ഇത് അനുവദിക്കാനാവില്ല, ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് മുമ്പ് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം എന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.
രണ്ട് വിസ സ്റ്റാംപിങ് കമ്പനികളിൽനിന്ന് കമ്മീഷൻ ലഭിച്ചിരുന്നു എന്ന് സ്വപ്നസുരേഷ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മൊഴിനൽകിയിരുന്നു. ഈ കമ്പനികളിൽ ഒന്ന് ബിനീഷ് കോടിയേരിയ്ക്ക് മുതൽമുടക്കുള്ള സ്ഥാപനമാണെന്ന് ഇ ഡി കണ്ടെത്തി. ഇതിൻറെ അന്വേഷണ ഭാഗമായാണ് ചോദ്യം ചെയ്യാൻ ബുധനാഴ്ച വിളിപ്പിച്ചിട്ടുള്ളത്.
അതേ സമയം ബംഗളൂരു മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷ് കോടിയേരിക്ക് സമൻസ് അയച്ചിട്ടുണ്ട്. തന്റെ ബിസിനസിന് സാമ്പത്തിക സഹായം നൽകിയതായി ഈ കേസിൽ പിടിയിലായ അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. ഇരുവരുടെയും ഫോൺകോളുകളുടെ രേഖകളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ബിനീഷ് കോടിയേരിക്ക് മുതൽമുടക്കുള്ള ബംഗളൂരു ആസ്ഥാനമായിട്ടുള്ള ‘ബി ക്യാപിറ്റൽ’ എന്ന ഫിനാൻസ് സ്ഥാപനമാണ് അനൂപിന് പണം നൽകിയിരുന്നത്. ബിനീഷിന് മയക്കുമരുന്ന് കേസിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിനാണ് സമൻസ് അയച്ചിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായ കെ ടി റമീഷിന് അനൂപ് മുഹമ്മദുമായി അടുപ്പം ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.