13 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുളത്തിൽ മുക്കിക്കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ റാത്ലാമിൽ 13 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം കുളത്തിൽ മുക്കിക്കൊന്നു. റാത്ലാമിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗുർജാർപാഡ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം 21 നും 23 നും ഇടയിൽ പ്രായമുള്ളവരാണ് . അറസ്റ്റിലായവർ കുറ്റം സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു.

രാത്രി ഏഴ് മണിയോടെ വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാൻ കടയിലേക്ക് പോയ
പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പച്ചക്കറി സാധനങ്ങൾ റോഡരികിൽ ചിതറിക്കിടക്കുന്നതാണ് കാണപ്പെട്ടത്. പ്രദേശത്ത് വിശദമായി തെരച്ചിൽ നടത്തിയപ്പോൾ പെൺകുട്ടിയുടെ മൃതദേഹം തൊട്ടടുത്ത കൃഷിയിടത്തിലെ കുളക്കരയിൽ കണ്ടെത്തുകയായിരുന്നു . സംശയകരമായ സാഹചര്യത്തിൽ ആ പ്രദേശത്ത് കണ്ട മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബലാൽസംഗത്തിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന വിവരം പുറത്തു വരുന്നത്.

കാലു സിംഗ് നിനാമ, ദീപക് സിംഗ്, രവി സിംഗ് നിനാമ എന്നിവരാണ് അറസ്റ്റിലായവർ കൊലപാതകം, ബലാത്സംഗം, പോസ്കോ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം