പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരി മരിച്ചു

ചെന്നൈ: പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരി മരിച്ചു. ചെന്നൈ ഒട്ടേരി കന്നൂർ ഹൈറോഡിൽ മൊയ്തീൻ-രേഷ്മ ദമ്പതികളുടെ മകൾ നസിയ ഫാത്തിമയാണ് മരിച്ചത്.

വീട്ടിലെ വളർത്തു പൂച്ച അലമാരയുടെ മുകളിൽ നിന്നും ടിവി വെച്ച മേശയിലേക്ക് ചാടുകയായിരുന്നു. താഴെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മുഖത്തേക്കാണ് ടിവി വീണത്. ശബ്ദം കേട്ട് ഓടിവന്ന മാതാവ് കാണുന്നത് രക്തം വാർന്നു കിടക്കുന്ന മകളയൊണ്. ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സെക്രട്ടറിയേറ്റ് കോളനി പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം ചെന്നൈയിൽ സമാനമായ സംഭവം നടന്നിരുന്നു. സേലയൂരിൽ ടിവി ദേഹത്തു വീണ് മൂന്ന് വയസ്സുള്ള കുഞ്ഞാണ് മരിച്ചത്. ടിവിയുടെ മുകളിൽ വെച്ചിരുന്ന ഫോൺ എടുക്കാൻ കുട്ടി ശ്രമിക്കുന്നതിനിടെ ടിവി ദേഹത്ത് വീഴുകയായിരുന്നു. സിമന്റ് സ്ലാബിൽ തീർത്ത ഷെൽഫിലായിരുന്നു പഴയ മോഡൽ ഭാരമുള്ള ടിവി വെച്ചിരുന്നത്. ടിവിക്ക് മുകളിൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുകയായിരുന്നു മൊബൈൽ ഫോൺ. ഫോൺ റിങ് ചെയ്തപ്പോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടിവി കുഞ്ഞിന്റെ തലയിലേക്ക് വീണത്.
ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം