ആറ്റിങ്ങല്‍: വര്‍ക്കലക്കുസമീപം അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട മോഷ്ടാവ് പോലീസ് പിടിയിലായി. കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ തീവട്ടി ബാബു എന്ന ബാബു(61)വിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ് പി സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
തീവട്ടി ബാബുവും കൂട്ടാളി കൊച്ചാരം ബാബുവും കഴിഞ്ഞമാസം കല്ലമ്പലത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. റിമാന്‍റിലായ ഇവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്ന് ചാടി രക്ഷപെട്ടശേഷം കോട്ടയം ജില്ലയിലും വിവിധ സ്ഥലങ്ങളിലും മോഷണം നടത്തി. കോട്ടയം തലപ്പാറയില്‍ നിന്നും മോഷ്ടിച്ച ഇരുചക്രവാഹനവുമായാണ് പ്രതി പിടിയിലായത്.
പൊന്‍കുന്നം സ്റ്റേഷന്‍ പരിധിയിലും മോഷണം നടത്തിയത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റൂറല്‍ എസ്പി ബി അശോകന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷിന്‍റെ നേതൃത്വത്തില്‍ പളളിക്കല്‍ സിഐ അജി .ജി നാഥ് , വര്‍ക്കല സിഐ.ജി. ഗോപകുമാര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ ഫിറോസ്ഖാന്‍ എസ്‌ഐമാരായ ബി.ദിലീപ്, ജി.ബാബു, ആര്‍ ബിജുകുമാര്‍,സിപിഒ ഷെമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളോടൊപ്പം രക്ഷപെട്ട മറ്റൊരു മോഷണക്കേസ് പ്രതി വിഷ്ണു ഇപ്പോഴും ഒളിവിലാണ്.