പുരുഷ-സ്ത്രീ സാക്ഷരത വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് സർവേ; വ്യത്യാസം 22% മാത്രം

ന്യൂഡൽഹി: സാക്ഷരതാ നിരക്കില്‍ 96.2%വുമായി കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 89% സാക്ഷരതാ നിരക്കുള്ള ഡല്‍ഹിയാണ് തൊട്ടുപിന്നില്‍.
കേരളവും ഡല്‍ഹിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളാണ് അസ്സമും(85.9%) ഉത്തരാഖണ്ഡും(87.6%). ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുതുതായി പുറത്തുവിട്ട കണക്കാണ് ഇത്. നഗര-ഗ്രാമീണ സാക്ഷരത വ്യത്യാസം ഏററവും കുറവുള്ള സംസ്ഥാനവും കേരളമാണ്.

ഇന്ത്യയിൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയിലുണ്ടാകുന്നത് എന്ന ധാരണ തിരുത്തുന്ന കണക്കുകളാണ് പുതുതായി പുറത്തുവരുന്നത്.

പുതിയ കണക്കുകള്‍ പ്രകാരം ബീഹാറിനെയും പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി. ആന്ധ്രപ്രദേശ്- 66.4%, ബീഹാര്‍- 70.9, തെലങ്കാന- 72.8%, കര്‍ണാടക-77.2 % എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ സാക്ഷരതാ കണക്കുകള്‍.

സാക്ഷരതയിലെ പുരുഷ-സ്ത്രീ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകത കേരളത്തിനാണ്. 2.2 % മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ 14.4 % വിടവാണുള്ളത്. അതായത് ദേശീയതലത്തില്‍ പുരുഷ സാക്ഷരത 84.7% ആകുമ്പോള്‍ സ്ത്രീ സാക്ഷരത 70.3 ശതമാനം മാത്രമാണ്.
ഇന്ത്യയുടെ ദേശീയ ശരാശരി 77.7 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ പിറകിലുള്ള സാക്ഷരതാ നിരക്കാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്.

കേരളത്തിന്റെ നഗര-ഗ്രാമീണ സാക്ഷരതാ വിടവ് വെറും 1.9 ശതമാനം മാത്രമാണ്. തെലങ്കാനയിലേത്‌ 23.4 ശതമാനവും ആന്ധ്രപ്രദേശില്‍ അത് 19.2 തമാനവുമാണ്. ദേശീയ തലത്തില്‍ നഗര-ഗ്രാമീണ സാക്ഷരതാ നിരക്കിലെ പുരുഷ-സ്ത്രീ വിടവ് വളരെ കൂടുതലാണ്. 27.2 ശതമനമാണിത്.

രാജസ്ഥാനിലെ നഗര പ്രദേശങ്ങളില്‍ പുരുഷ സാക്ഷരത നിരക്കും ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്കും തമ്മിലുള്ള വിടവ് 38.5 ശതമാനമാണ്. തെലങ്കാനയിലത് 38%. എന്നാല്‍ കേരളത്തില്‍ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത 80% ത്തിനുമുകളിലാണ്.

Share
അഭിപ്രായം എഴുതാം