കിണര്‍ജലം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം : മുഖ്യമന്ത്രി ജലഗുണതാ പരിശോധന ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കണ്ണൂർ: വീടുകളിലെ കിണര്‍ ജലം ശുദ്ധമാണെന്ന ധാരണയാണ് പൊതുവായി ആളുകള്‍ക്കുള്ളതെന്നും അത് ശുദ്ധമാണോ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജലഗുണതാ പരിശോധന ലാബുകളുടെ സംസ്ഥാനതല  ഉദ്ഘാടനം അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാസമ്പന്നരും മെച്ചപ്പെട്ട ജീവിത – സാംസ്‌കാരിക നിലവാരവും പുലര്‍ത്തുന്നവരായിട്ടും നമ്മള്‍ മലിനജലം കുടിക്കേണ്ടി വരുന്നുവെന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ജനസാന്ദ്രത കൂടുതലുള്ളതിനാല്‍ അടുത്തടുത്തായാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ശാസ്ത്രീയമായ രീതിയിലും അല്ലാതെയും   നിര്‍മ്മിച്ചിട്ടുള്ള സെപ്റ്റിക് ടാങ്കുകളാണ് പലയിടത്തും. സെപ്റ്റിക് ടാങ്കില്‍ നിന്ന് മാലിന്യം കൃത്യമായ രീതിയില്‍ സംസ്‌കരിക്കപ്പെടാത്ത സ്ഥിതിയുണ്ട്. ഇത് വീടുകളിലെ കിണറുകള്‍ മലിനീകരിക്കപ്പെടാന്‍ കാരണമാവുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരേ പറമ്പില്‍ തന്നെ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുമ്പോള്‍ സെപ്റ്റിക് ടാങ്കും കിണറും തമ്മിലുള്ള അകലം കുറയുന്നതായും അദ്ദേഹം പറഞ്ഞു.
ശുദ്ധജലം ഉറപ്പുവരുത്തുന്നതിനുള്ള പരിപാടികള്‍  ഹരിത കേരളമിഷന്റെ നേതൃത്വത്തില്‍  മുന്‍പും സംഘടിപ്പിച്ചിട്ടുണ്ട്.  കിണര്‍ റീചാര്‍ജിങ്ങ്, പുഴകളുടെയും തോടുകളുടെയും ശുചീകരണം, തോടിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ നാടൊന്നാകെ ഇറങ്ങിത്തിരിച്ച  പ്രവര്‍ത്തനങ്ങളായിരുന്നു. ഒരോന്നിന്റെയും പൂര്‍ണതയ്ക്ക് നാടിന്റെ ഇടപെടല്‍ ആവശ്യമാണ്. ഒരു പ്രദേശത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പരിസരത്തുള്ള കുട്ടികള്‍ ആയിരിക്കും പഠിക്കുന്നത്. അതിനാല്‍ അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീട്ടിലെയും അയല്‍പ്പക്കത്തെ വീടുകളിലെയും വെള്ളം പരിശോധിക്കാന്‍ സാധിക്കും. അതിനാലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 480 സ്‌കൂളുകളില്‍ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും. എം.എല്‍.എ.മാരുടെ ആസ്തി വികസന നിധിയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. 59 എം.എല്‍.എ.മാര്‍ 380 സ്‌കൂളുകളില്‍ ലാബ് ആരംഭിക്കാന്‍  ഇതിനകം തുക അനുവദിച്ചിട്ടുണ്ട്. ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍  ജല പരിശോധനയ്ക്ക് എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി  കെ.കൃഷ്ണന്‍കുട്ടി ജലപരിശോധന കൈപ്പുസ്തകം പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍  കെ. ജീവന്‍ബാബു, കെ.ഐ.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍. പ്രശാന്ത് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ലാബില്‍ നടത്തിയ ജല പരിശോധന റിസള്‍ട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അഞ്ചരക്കണ്ടി എജുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് പി മുകുന്ദന് കൈമാറി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജയപാലന്‍ മാസ്റ്റര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ടി വി സീത, അധ്യാപകര്‍, രാഷ്ട്രീയ ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എകെജി സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരളശ്ശേരി, ഇ കെ നായനാര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേങ്ങാട്, മുഴപ്പിലങ്ങാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലയാട്, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാല, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാടാച്ചിറ,  എകെജി സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിണറായി എന്നിവിടങ്ങളിലെ ലാബുകളാണ് പ്രവര്‍ത്തന സജ്ജമായത്

Share
അഭിപ്രായം എഴുതാം