ബംഗളൂരു: കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പൊലീസിംഗ് നടത്തിയ കേസിൽ കോൺഗ്രസ് വക്താവും ആക്ടിവിസ്റ്റുമായ കവിത റെഡ്ഡി മാപ്പപേക്ഷിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കവിത മാപ്പപേക്ഷ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച കവിതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ സംയുക്തയെയും ചില സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്തിരുന്നു.
“ സദാചാര പൊലീസിംഗിന് ഞാൻ എതിരാണ്. എന്നാൽ എൻ്റെ പ്രവൃത്തി അങ്ങനെ വ്യാഖ്യാനിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ഒരു തർക്കത്തിൽ എൻ്റെ പ്രതികരണം സദാചാര പോലീസിംഗ് പോലെ ആയിപ്പോയതാണ്. അതൊരു തെറ്റായിരുന്നു. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിലും പുരോഗമനചിന്താഗതിയുള്ള ഒരു സ്ത്രീ എന്ന നിലയിലും സംയുക്തയോടും സുഹൃത്തുക്കളോടും ഞാൻ മാപ്പപേക്ഷിക്കുന്നു.”- എന്നാണ് കവിതയുടെ ട്വീറ്റ്
സംയുക്തയും രണ്ട് സുഹൃത്തുക്കളും ഹുല ഹൂപ്പുകളുമായി വ്യായാമം ചെയ്യാൻ അഗാറ തടാകത്തിനരികെ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്ഥലത്തെത്തിയ കവിതയും സംഘവും അവർ ധരിച്ചിരുന്ന വസ്ത്രത്തെച്ചൂണ്ടി അവിടെ നിന്ന് പോകണം എന്നാവശ്യപ്പെട്ടു. മാന്യമായല്ല അവർ വസ്ത്രം ധരിച്ചിരിക്കുന്നതെന്നും പൊതുസ്ഥലത്ത് ഇങ്ങനെ വസ്ത്രമണിഞ്ഞ് വ്യായാമം ചെയ്യാൻ പാടില്ലെന്നും അവർ പറഞ്ഞു. തുടർന്ന് നടിക്കും സുഹൃത്തുക്കൾക്കും നേരെ കയ്യേറ്റവുമുണ്ടായി. തുടർന്ന് നടി പൊലീസിൽ പരാതിപ്പെടുകയും കവിതക്കെതിരെ പൊലീസ് കേസെടുക്കയും ചെയ്തു.