കടലിൽ തുടരെ അപകടങ്ങൾ മുന്നറിയിപ്പ് ലംഘിക്കരുതെന്ന് അധികൃതർ

മലപ്പുറം: മലപ്പുറത്ത് നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പൊന്നാനിയില്‍ നിന്നും ആറ് പേരുമായി പോയ ബോട്ട് നാട്ടികയ്ക്ക് സമീപം വച്ച്‌ ഇന്ധനം തീര്‍ന്ന് നടുക്കടലില്‍ കുടുങ്ങി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട്.
പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞു ഒരാളേയും താനൂരില്‍ വള്ളം മറിഞ്ഞു രണ്ടു പേരെയും കാണാതായി. കോഴിക്കോട് തീരത്ത് തകര്‍ന്ന നിലയില്‍ ഒരു തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. പൊന്നാനി, താനൂര്‍ മേഖലകളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

താനൂരിലുണ്ടായ അപകടത്തില്‍ മുങ്ങിയ രണ്ട് പേരെ കുറിച്ച്‌ ഇപ്പോഴും വിവരമില്ല. ബോട്ടില്‍ അഞ്ച് പേരുണ്ടായിരുന്നുവെങ്കിലും മൂന്ന് പേര്‍ തിരികെയെത്തി.
പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു ഇവര്‍. താനൂര്‍ ഓട്ടുമ്പു റത്തുനിന്നാണ് ബോട്ട് കടലില്‍ പോയത്. കെട്ടുങ്ങല്‍ കുഞ്ഞുമോന്‍, കുഞ്ഞാലകത്ത് ഉബൈദ് എന്നിവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്.

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടും അപകടത്തില്‍പ്പെട്ടു. ആറു മത്സ്യത്തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. എന്‍ജിന്‍ തകരാറിലായി വിള്ളല്‍ വന്ന് വെള്ളം കയറിയ അവസ്ഥിലാണ് ബോട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. എറണാകുളത്ത് എടമുട്ടത്തിനടുത്താണ് നിലവില്‍ ബോട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനം തുടങ്ങിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.കടല്‍ പ്രക്ഷുബ്ധമായത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

പൊന്നാനിയില്‍ വള്ളം മറിഞ്ഞു ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരുമായി പോയ നൂറില്‍ഹൂദ എന്ന വളളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിനെ കാണാതായിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ പടിഞ്ഞാറക്കര നായര്‍തോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു.

കോഴിക്കോട് വെള്ളയില്‍ തീരത്ത് തകര്‍ന്ന തോണി കരക്കടിഞ്ഞു. തോണി രണ്ടായി പിളര്‍ന്ന നിലയിലാണ്. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജെ. മാത്യൂ സിൻ്റെ ഉടമസ്ഥതയിലുള്ളതാണ് തോണി. തോണിയില്‍ മത്സ്യതൊഴിലാളികള്‍ ഉള്ളതായി വിവരമില്ലെന്നും മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് വിവരം കൈമാറിയതായും പൊലീസ് അറിയിച്ചു. തോണിയില്‍ ഉണ്ടായിരുന്ന 5 പേരേയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇന്നലെ രാത്രി പുറംകടലില്‍ വച്ചാണ് തോണി അപകടത്തില്‍പ്പെട്ടതെന്നും കോസ്റ്റല്‍ പൊലീസ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ദമാകാനള്ള സാധ്യത മുന്നില്‍ക്കണ്ട് മത്സ്യ ബന്ധനത്തിനു പോകരുതെന്ന നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം