മറയൂർ: മറയൂർ അതിർത്തിയിൽ തമിഴ്നാട് ഉദുമൽപേട്ടയിൽ അർധരാത്രി കതകു തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ ഗൃഹനാഥനെ കുത്തി വീഴ്ത്തിയതിന് ശേഷം വീട്ടമ്മയെ കെട്ടിയിട്ട് 44 പവനും ഒന്നര ലക്ഷം രൂപയും കവർന്നു.
ബോധിപ്പെട്ടി അണ്ണാനഗർ റിട്ട: വൈദ്യുതി ഉദ്യോഗസ്ഥൻ രാജഗോപാലും (70) ഭാര്യ ലക്ഷ്മി പ്രഭയുമാണ് അതിക്രമത്തിന് ഇരയായത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇവരുടെ ഏകമകൻ സിംഗപ്പൂരിലാണ്. വീടിൻ്റെ പിൻഭാഗത്തെ കതക് തകർത്ത് അകത്തു കടന്ന നാലു പേർ അടങ്ങുന്ന മോഷണ സംഘം ആദ്യം ലക്ഷ്മി പ്രഭയെ ബന്ധനസ്ഥയാക്കി മാലയും വളയും കമ്മലും മോതിരവുമടക്കം 16 പവനോളം ശരീരത്തിൽ നിന്ന് മോഷ്ടിച്ചു. പിന്നീട് രാജഗോപാലിൻ്റെ മുറിയിൽ കടന്ന് കത്തികൊണ്ട് തലയ്ക്കും നെറ്റിയിലും കുത്തി വീഴ്ത്തി. തുടർന്ന് 28 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും അലമാരയിൽ നിന്ന് കവർന്നു. പുലർച്ചെ അഞ്ചു മണിയോടെ സമീപവാസികൾ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഉദുമൽപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.തിരുപ്പൂർ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി