റൊണാൾഡോ ഇല്ലാതെ തകർപ്പൻ ജയവുമായി പോർച്ചുഗൽ

ലിസ്ബൻ: യുവേഫ നേഷന്‍സ് ലീഗില്‍ ആതിഥേയരായ പോര്‍ച്ചുഗലിന് 4-1 ൻ്റെ ആധികാരിക വിജയം. ലോകകപ്പ് റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പോർച്ചുഗീസ് പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ഗ്യാലറിയിൽ ഇരുത്തിയായിരുന്നു പറങ്കികളുടെ പോരാട്ടം.

കാലിൻ്റെ അണുബാധയെ തുടര്‍ന്ന് നായകന്‍ കൂടിയായ റൊണാള്‍ഡോ പുറത്തിരിക്കേണ്ടി വന്നത് ടീമിനെ പ്രകടനത്തെ ഒരു തരത്തിലും ബാധിച്ചില്ല. നായകന്‍ ലൂക്ക മോഡ്രിച്ചും ഉപനായകന്‍ ഇവാന്‍ റാക്കിട്ടിച്ചുമില്ലാതെയാണ് ക്രൊയേഷ്യയും കളത്തിലിറങ്ങിയത്. 41-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് പ്രതിരോധ താരം ജോവ കാന്‍സെലോ ആണ് ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയി ആരംഭിച്ച് അൽപം കഴിഞ്ഞപ്പോൾ 58-ാം മിനിറ്റില്‍ ഡിയാഗോ യോട്ട പറങ്കികളുടെ ലീഡ് രണ്ടായി ഉയര്‍ത്തി. 70-ാം മിനിറ്റില്‍ സൂപ്പര്‍ താരം ജോവോ ഫെലിക്സിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മത്സരത്തിന്റെ മുഴുവന്‍ സമയവും മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ക്രൊയേഷ്യക്കു വേണ്ടി ഇഞ്ചുറി ടൈമില്‍ ബ്രൂണോ പെറ്റ്കോവിച്ചാണ് ആശ്വാസ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ പോർചുഗീസ് താരം ആന്ദ്രെ സില്‍വയാണ് നാലാം ഗോൾ നേടിയത്.

മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ് സ്വീഡനെയും ബെല്‍ജിയം ഡെന്‍മാർക്കിനെയും പരാജയപ്പെടുത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം