പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പോക്‌സോ കേസ്പ്രതികള്‍ പിടിയില്‍

പാരിപ്പിള്ളി: പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പോക്‌സോ കേസ് പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി. പുലിക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ മനു എന്ന കണ്ണന്‍ (28) ചരുവിള പുത്തന്‍വീട്ടില്‍ സംഗീത് (20) എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്. മറ്റൊരു പ്രതിയായ പുലിക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ കുട്ടന്‍ എന്ന ജിത്തു (20) നേരത്തെ പിടിയിലായിരുന്നു. വേളമാനൂര്‍ പുലിക്കുഴിയില്‍ അമ്മൂമ്മക്കുളത്തിന് സമീപമുള്ള വീട്ടില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാരിപ്പിള്ളി എസ്.എച്ച്.ഒ രൂപേഷ് രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ. നൗഫല്‍, ജയിംസ്, എ.എസ്.ഐ മാരായ രമേഷ്. അഖിലേഷ്. സിപിഒമാരായ അജു ഫെര്‍ണാണ്ടസ്, സന്തോഷ്, ജയിന്‍. മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വീടുവളഞ്ഞ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. പതിനാല് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ പ്രതികളാണ് മൂവരും.

ഉത്രാട ദിവസം രാത്രി പതിനോന്നോടെ പരവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരുമ്പുഴ യക്ഷിക്കാവ് കോളനിയില്‍ നിന്ന് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുക്കുമ്പോഴാണ് പോലീസിനെ ആക്രമിച്ച് ഇവര്‍ കടന്നത്. പ്രതികളുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ അനൂപിന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റതിനൊപ്പം കൈകളും ഒടിഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം