തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോ. ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യയും 2019 എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ കണ്ണ് തുറപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
2019 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌ത തൊഴില്‍ രഹിതരുടെ എണ്ണം 1963 ആണ്. ഇന്ത്യ ഒട്ടാകെ ആത്മഹത്യ ചെയ്‌തത് 14019. കേരളത്തിലെ തൊഴില്‍ രഹിതരുടെ ആത്മഹത്യാ നിരക്ക് 14%. മഹാരാഷ്ട്ര 10.8 %, തമിഴ്‌നാട് 9.8 %,കര്‍ണ്ണാടക 9.2%. എന്നിങ്ങനെയാണ്. പിഎസ് സി നിയമനം ലഭിക്കാതെ പോയ അനു ആത്മഹത്യ ചെയ്‌തപ്പോള്‍ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് സര്‍ക്കാരും പിഎസ് സിയും ഉത്തരവാദിത്ത്വത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. അനുവിന്‍റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു.
അനുവിനേപ്പോലെ 1963 പേരെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ സര്‍ക്കാരിന്‍റെ അക്ഷന്തവ്യമായ വീഴ്‌ചകള്‍ ഉണ്ട്. തൊഴില്‍ സാധ്യതകളെല്ലാം മങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ പിഎസ് സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാന്‍ വിസമ്മതിച്ചത് ഒന്നാമത്തെ കാരണം. പിഎസ് സി ലിസ്റ്റ് ഇല്ലാതെ വന്ന സാഹചര്യം ചൂഷണം ചെയ്‌ത് സ്വന്തക്കാരേയും ബന്ധുക്കളേയും പാര്‍ട്ടിക്കാരേയും നിയമിച്ചത് മറ്റൊരു കാരണം. തൊഴിലവസരം ഉണ്ടാക്കുന്നതിലും ഉണ്ടായിരുന്നത് നില നിര്‍ ത്തുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കേരളത്തിന് പുറത്തും വിദേശത്തുമാണ് കേരളീയര്‍ തൊഴില്‍ കണ്ടെത്തിക്കൊണ്ടിരുന്നത്. അതിന്‍റെയും കൂമ്പടഞ്ഞു.
കേരളത്തിലെ എംബ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ 43.3 ലക്ഷം തൊഴിലന്വേഷകരാണ് രജിസ്‌റ്റര്‍ ചെയ്‌ത് തൊഴിലിന് കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്‌മ നിരക്ക് (11.4%) കേരളത്തിലാണ്. അഖിലേന്ത്യ തലത്തില്‍ ഇത് 6.5% മാത്രമാണ്. സര്‍ക്കാരിന്‍റെ കയ്യിലുളള ഏതാനും തൊഴിലവസരങ്ങള്‍ മാത്രമാണ് 43.3 ലക്ഷം പേരുടെ മുന്നിലുളളത്. അത് അനര്‍ഹരിലേക്ക് പോകുമ്പോള്‍ അര്‍ഹിക്കുന്നവര്‍ക്ക് പൊളളുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.
പുതിയ പിഎസ്.സി ലിസ്റ്റ് വരുന്നതുവരെ നാലര വര്‍ഷം വരെ ലിസ്റ്റ് നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുളളത്. പിഎസ്സ് സി ലിസ്റ്റ് ഉളളതുകൊണ്ട് അനധികൃത നിയമനങ്ങള്‍ തടയുന്നതില്‍, വിജയിക്കുകയും ചെയ്‌തു. ഇത്തരം ഒരടിയന്തിര തീരുമാനമാണ് ഇടത് സര്‍ക്കാരില്‍ നിന്നും കേരളത്തിലെ 43.3 ലക്ഷം തൊഴില്‍ രഹിതര്‍ പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.