ബെംഗളൂരു: നഗരത്തിൽ വീണ്ടും ലഹരിവേട്ട, നൈജീരിയൻ പൗരൻ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെ ബെംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് പിടിയിലായ മലയാളികൾ.
ബെംഗളൂരു കെ.ആർ.പുരത്ത് നിന്നാണ് സി.സി.ബി. സംഘം ഇവരെ പിടികൂടിയത്. മൂന്ന് പേരും പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തിവരുന്നതായി നാട്ടുകാരാണ് പോലീസിന് വിവരംനൽകിയത്. ശനിയാഴ്ച പിടിയിലായ മൂവർ സംഘത്തിന് മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ സംഘവുമായി ബന്ധമില്ലെന്നാണ് സൂചന.

മയക്കുമരുന്ന് ബന്ധം ആരോപിച്ച് കഴിഞ്ഞദിവസം നടി രാഗിണി ദ്വിവേദിയെയും നിശാപാർട്ടികളുടെ സംഘാടകനായ വിരൻ ഖന്നയെയും സി.സി.ബി. അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന നൈജീരിയൻ പൗരനെയും സി.സി.ബി. ശനിയാഴ്ച പിടികൂടിയിട്ടുണ്ട്. നൈജീരിയയിൽനിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാളാണ് അനൂപ് അടക്കമുള്ളവർക്ക് കൈമാറിയിരുന്നത്.

Share
അഭിപ്രായം എഴുതാം