ഇന്ത്യൻ സ്ത്രീകളെ അധിക്ഷേപിക്കുന്ന റിച്ചാർഡ് നിക്സൻ്റെ പരാമർശം പുറത്തു വിട്ട് ലേഖനം, തെളിഞ്ഞു വരുന്നത് വംശവെറിയുടെ അമേരിക്കൻ പാരമ്പര്യം

വാഷിങ്ടൺ : ഇന്ത്യൻ വംശജരെ എത്ര നിന്ദ്യമായാണ് അമേരിക്കയിലെ വെളുത്ത വർഗക്കാർ കണ്ടത് എന്ന് വ്യക്തമാക്കുന്ന ഒരു ചരിത്ര രേഖ പുറത്തു വിട്ടിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ് .

ഇന്ത്യൻ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള അമേരിക്കയുടെ മുൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻറെ പരാമർശമാണ് പത്രം പ്രസിദ്ധീകരിച്ച പുതിയ ലേഖനത്തിൽ ഉള്ളത് .അമേരിക്കൻ പ്രൊഫസറായ ഗാരി ജെ ബാസാണ് വിവാദ വെളിപ്പെടുത്തലുകളടങ്ങിയ ലേഖനം എഴുതിയിരിക്കുന്നത്.

വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ സെക്രട്ടറിയായിരുന്ന ഹെൻട്രി കിസിംഗറുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് അങ്ങേയറ്റം ഹീനമായ ഭാഷയിൽ ഇന്ത്യക്കാരെ കുറിച്ച് ആകെയും ഇന്ത്യൻ സ്ത്രീകളെ കുറിച്ചും നിക്സൺ പറയുന്നത്.

ലൈംഗികാകർഷണം തൊട്ടുതീണ്ടാത്തവരാണ് ഇന്ത്യൻ സ്ത്രീകൾ എന്ന് നിക്സൻ പറയുന്നു , കറുത്ത ആഫ്രിക്കക്കാർക്ക് പോലും മൃഗതുല്യമായ ഒരു സൗന്ദര്യമുണ്ട്. ഇന്ത്യൻ സ്ത്രീകളെ എന്തിനു കൊള്ളാം, എന്ത് ദുരന്തമാണ് അവർ, ഇവരോട് എങ്ങനെയാണ് ഒരാൾക്ക് ആകർഷണം തോന്നുക, ഇവരിൽ എങ്ങനെയാണ് പ്രത്യുൽപാദനം നടത്തുക എന്നെല്ലാം നിക്സൻ പറയുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കുറിച്ച് പോലും ലൈംഗിക ചുവയോടെ നിന്ദ്യമായ പരാമർശങ്ങൾ നിക്സൻ നടത്തുന്നുണ്ട് .

1969 നും 1974 നും ഇടയിലാണ് റിപ്പബ്ലിക്കൻ നേതാവായിരുന്ന നിക്സൻ അമേരിക്കയുടെ പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചത്. 1971 ലെ ഇന്ത്യ -പാക് യുദ്ധത്തിൽ അമേരിക്ക പാകിസ്ഥാൻ്റെ പക്ഷത്തായിരുന്നു എന്നും ലേഖനത്തിൽ പ്രൊഫസർ ബാസ് വ്യക്തമാക്കുന്നു.

വംശീയ വിദ്വേഷം അമേരിക്കയിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിക്കുമ്പോഴാണ് മുൻ പ്രസിഡണ്ടിൻ്റെ പരാമർശങ്ങൾ കൂടി പുറത്തു വരുന്നത് . നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജയായ കമല ഹാരിസാണ് രംഗത്തുള്ളത് എന്നതും ശ്രദ്ധേയമാണ്.

Share
അഭിപ്രായം എഴുതാം