ഭക്ഷ്യ വകുപ്പുദ്യോഗസ്ഥന്‌ നേരെ ആസിഡാക്രമണം

കൊല്‍ക്കത്ത: കോടതിയില്‍ നടന്നുവന്ന കേസ്‌ തോറ്റതിന്‍റെ വൈരാഗ്യത്തില്‍ ഭക്ഷ്യവകുപ്പുദ്യോഗസ്ഥനുനേരെ ആസിഡാക്രമണം നടത്തി. വടക്കന്‍ ബംഗാളിലെ ഉദ്യോഗസ്ഥന്‌ നേരെയാണ്‌ ആക്രമണം നടന്നത്‌. 2020 സെപ്‌തംബര്‍ 3ന്‌ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. സംഭവത്തില്‍ 60 കാരനായ അശോക്‌ കുമാര്‍ ബന്‍സലിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കൂച്ച് ബെഹാര്‍ ടൗണിലെ ഫുഡ്‌ കണ്‍ട്രോളറായ ദവാ വാംഗല്‍ ലാമക്കുനേരെയാണ്‌ അക്രമണം ഉണ്ടായത്‌. ലാമയുടെ ഓഫീസിലെത്തിയ അശോക്‌ കുമാര്‍ ഉദ്യോഗസ്ഥന്‌ നേരെ ആസിഡാക്രമണം നടത്തുകയായിരുന്നു. മറ്റുദ്യോഗസ്ഥര്‍ ചേര്‍ന്ന്‌ ഇയാളെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. ലാമ നിസാര പരിക്കു കളോടെ രക്ഷപെട്ടു.

മുന്‍വൈരാഗ്യത്തിന്‍റെ പേരിലാണ്‌ ആക്രമണമെന്ന്‌ പോലീസ്‌ പറഞ്ഞു. ഇയാള്‍ക്ക് ഉദ്യോഗസ്ഥനോട്‌ വ്യക്തിപരമായ വിരോധമുണ്ടായിരുന്നതായി കൂച്ച്‌ ബെഹാര്‍ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സന്തോഷ്‌ നിംബല്‍ക്കര്‍ പറഞ്ഞു. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലാമ ജല്‍പായഗുരിയില്‍ സബ്‌ കണ്‍ട്രോളര്‍ ആയിരുന്ന സമയം ഭക്ഷ്യവിതരണ വകുപ്പിനെതിരെ അശോക്‌ കുമാര്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ ഒരു കേസ്‌ ഫയല്‍ ചെയ്‌തിരുന്നു. എന്നാല്‍ അശോക്‌ കുമാര്‍ കേസില്‍ തോറ്റു. തുടര്‍ന്ന്‌ ഹരിയാന ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. ഈ കേസില്‍ ലാമ മുന്‍കൈ എടുക്കുകയും കോടതി കേസ്‌ റദ്ദ്‌ ചെയ്യുകയും ചെയ്‌തു. രണ്ടാംതവണയും പരാജയപ്പെട്ടതോടെ ഉദ്യോഗസ്ഥനെതിരെ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം