ഒരു പഞ്ചായത്ത് ഭരണം പിടിക്കാൻ 100 ബോംബ്. അതാണ് ബംഗാളിലെ പുതിയ കണക്ക്

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാബുയിജോറെ ഗ്രാമപഞ്ചായത്തിൻ്റെ ഭരണം പിടിക്കാൻ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ ബോംബും തോക്കുമെല്ലാമാണ് ഉപയോഗിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസ് ആക്രമിച്ചവർ നൂറിലേറെ ബോംബുകൾ എറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. എല്ലാ ബോംബുകളും പഞ്ചായത്ത് ഓഫീസിൻ്റെ ചുമരിലും ജനാലയിലും വരാന്തയിലും അകത്തും പുറത്തുമെല്ലാമായി പൊട്ടി. ആർക്കും പരിക്ക് പറ്റിയില്ല. പഞ്ചായത്ത് പ്രസിഡന്റും ഓഫീസ് ജീവനക്കാരും അടക്കം 17 പേർ ഒരു ഇരുമ്പ് അലമാരയുടെ പിന്നിൽ മറഞ്ഞിരുന്നു. കയ്യിൽ കരുതിയ നൂറ് ബോംബുകളും എറിഞ്ഞു കഴിഞ്ഞ് അക്രമികൾ സ്ഥലം വിട്ടപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കാൻ തൃണമൂൽ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ തമ്മിൽ ദീർഘനാളായി മത്സരം നടക്കുകയാണ്. ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഒരു റോഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ്. റോഡ് നേടാൻ പഞ്ചായത്തിലേക്ക് പോയവർ പത്ത് നൂറ് ബോംബുകളും ഓഫീസ് തന്നെ കത്തിക്കാനുള്ള ഉപകരണങ്ങളും കല്ലും വടിയും എല്ലാം കരുതിയിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. നൂറോളം വരുന്ന ആൾക്കൂട്ടം പഞ്ചായത്ത് വളഞ്ഞ് കൃത്യമായ ഇടവേളകളിൽ ബോംബുകൾ എറിഞ്ഞുകൊണ്ടിരുന്നു. തൃണമൂലിൻ്റെ പ്രാദേശിക നേതാവായ അബ്ദുറഹിമാനും മറ്റൊരു നേതാവായ കേദാർനാഥും തമ്മിലാണ് ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നത്. അബ്ദുറഹ്മാൻറെ വലംകൈയാണ് നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് നബദ്വീപ് മൊണ്ടാൽ. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസ് ആക്രമിച്ചവർ കേദാർ ഘോഷിൻ്റെ അണികളാണെന്ന് ആരോപിക്കപ്പെടുന്നു. പഞ്ചായത്ത് ഓഫീസിനു മുകളിൽ നിന്നും ജനക്കൂട്ടത്തിനു നേരെ വെടിവച്ചതായി കേദാർ പക്ഷം ആരോപിക്കുന്നു. എന്നാൽ സ്ഥലത്തു നിന്നും ഉണ്ടകളൊന്നും കണ്ടെത്താനായില്ല എന്നാണ് പൊലീസ് ഭാഷ്യം .

ജനാധിപത്യവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത ഒരു പ്രാകൃത സംവിധാനമാണ് ബംഗാളിലെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്നത്. ഇതിൻറെ കുറച്ചുകൂടി ഉയർന്ന രൂപമാണ് നിയമസഭ -ലോക്സഭ തെരഞ്ഞെടുപ്പുകളിൽ അവിടെ അരങ്ങേറുന്നത്. ഇന്ന് തൃണമൂലിൻ്റെ പക്ഷത്തുള്ള ഗുണ്ടകൾ ഇന്നലെ സിപിഎമ്മിൻ്റെ കൂടെയായിരുന്നു എന്നാണ് ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ പറയുന്നത്. നാളെ അവർ ബിജെപിയിലേക്ക് ആയിരിക്കും പോവുക എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്തു തന്നെയായാലും പ്രത്യയശാസ്ത്രങ്ങൾക്കോ രാഷ്ട്രീയത്തിനോ പശ്ചിമബംഗാളിൽ വലിയ മൂല്യമൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം.

Share
അഭിപ്രായം എഴുതാം