ടി.പി.വധക്കേസ് പ്രതിയായിരുന്ന എം. റമീഷിന് പരിക്ക് കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; പോലിസ് കൂടുതൽ തെളിവെടുക്കും

കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ പേരിൽ നിന്ന് പോലീസ് തെളിവെടുക്കും. സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട 28-ാം പ്രതി എം. റമീഷിന് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. മാഹി സ്വദേശി ധീരജിനും സാരമായ പരിക്കുണ്ട്. പാർടിക്ക‌് ഈ സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി

സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ തെളിവാണ് സ്ഫോടനം എന്ന് ബിജെപിയും ആരോപിച്ചു.

കതിരൂർ പൊന്ന്യത്ത് സ്ഫോടനം നടന്ന പ്രദേശത്തെ ബോംബ് നിർമാണത്തിൽ കൂടുതൽ പേർ പങ്കെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് വ്യക്തമാക്കുന്നതിന് കൂടുതൽ പേരെ ചോദ്യം ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായതിനാൽ പ്രദേശത്ത് സാധാരണ നടത്താറുള്ള പരിശോധന കുറച്ച് കാലമായി സാധ്യമായിരുന്നില്ലെന്ന് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കി.

അത്യന്തം അപലപനീയമായ സംഭവമാണിത‌്. എന്താണ‌് സംഭവിച്ചതെന്ന‌് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഏരിയസെക്രട്ടറി എം സി പവിത്രൻ ആവശ്യപ്പെട്ടു. കതിരൂർ പൊന്ന്യത്ത് സിപിഎം ശക്തികേന്ദ്രത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ കുറിച്ച് ഉന്നത പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.  നാടിന്റെ ശാന്തിയും സമാധാനവും തകർക്കുന്നതിനു വേണ്ടി ബോധപൂർവ്വം സിപിഎം നേതൃത്വം പ്രവർത്തനം നടത്തുന്നു എന്നതിന് വ്യക്തമായ തെളിവാണ് സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിലൂടെ പുറത്തു വന്നതെന്നും സതീശൻ പാച്ചേനി പറഞ്ഞു.

കണ്ണൂർ ജില്ലയില്‍ വ്യാപകമായി അക്രമത്തിന് സിപിഎം കോപ്പ് കൂട്ടുന്നതിന്റെ തെളിവാണ് സ്ഫോടനം എന്ന് ബിജെപി ആരോപിച്ചു. 

Share
അഭിപ്രായം എഴുതാം