ജയിലുകളില്‍ ശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടികള്‍ പൂര്‍ത്തിയായി

സൗദി: സൗദിയിലെ വിവിധ ജയിലുകളില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സൗദിയുടെ വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ കഴിഞ്ഞവരെയാണ് ഒരുമിച്ച് നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായത്. സൗദി സര്‍ക്കാറിന്റെ ചിലവില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

മലയാളികള്‍ ഉള്‍പ്പെടെ എണ്ണൂറോളം പേരെയാണ് അടുത്ത ദിവസങ്ങളില്‍ നാട്ടിലെത്തിക്കുക. സൗദി എയര്‍ലൈന്‍സിന്റെ ആറ് വിമാനങ്ങളിലാണിവരെ വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കുക. കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതോടെയാണ് ജയിലുകളില്‍ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ക്കും തടസ്സം നേരിട്ടത്.

നടപടിക്രമം മുഴുവന്‍ പൂര്‍ത്തിയായെങ്കിലും വിമാന സര്‍വീസിനുള്ള അന്തിമ അനുമതി കൂടി ലഭ്യമാകുന്നതോടെ മാത്രമേ കൃത്യമായ യാത്രാ വിവിരങ്ങള്‍ വ്യക്തമാകൂ.

ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് ഇവരെ നാട്ടിലെത്തിക്കുന്നത് വൈകിച്ചത്. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്കാണ് ഇവരെ എത്തിക്കുക എന്നാണ് സൂചന.

Share
അഭിപ്രായം എഴുതാം