ഈസ്റ്റണ്‍ കറി പൗഡറിനെ ഓര്‍ക്‌ല സ്വന്തമാക്കുന്നു

കൊച്ചി: കറിപൗഡര്‍, കറിക്കൂട്ട് വിപണിയിലെ ദക്ഷിണേന്ത്യയിലെ കുത്തകക ളില്‍ ഒന്നായ ഈസ്‌റ്റേണ്‍ കറി പൗഡര്‍ കമ്പനി നോര്‍വ്വേ കമ്പനിയായ ഓര്‍ക്‌ല ഏറ്റെടുക്കുന്നു. ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ‌ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 67.8 ശതമാനം ഓഹരികളും ഓര്‍ക്‌ല വാങ്ങും . ഓര്‍ക്‌ലയുടെ സഹസ്ഥാപനമായ എംടിആര്‍ മുഖേനയാണ് ഈസ്റ്റേണിനെ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് ഈസ്റ്റേണും എംടിആറും കരാറില്‍ ഒപ്പിട്ടു. 2000കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍.

ഇതോടെ ഇന്ത്യയിലെ വില്‍പ്പന ഓര്‍ക്‌ല ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും. ഈസ്റ്റേണ്‍ ഓഹരിയില്‍ 74 ശതമാനവും കൈവശം വച്ചിരുന്നത് മീരാന്‍ കുടുംബമാണ്. ബാക്കി 26 ശതമാനം ഓഹരി വിദേശ കമ്പനിയായ മക് കോര്‍മിക്ക് ഇന്‍ഗ്രിഡിയന്‍റ് എസ്ഇ ഏഷ്യാ പിടിഇ ലിമിറ്റഡിന്‍റെ പക്കലായിരുന്നു. മീരാന്‍ കുടുംബാംഗങ്ങളുടെ പക്കല്‍ നിന്ന് 41.8 ശതമാനം ഓഹരിയും മക് കോര്‍മ്മിക്കിന്‍റെ മുഴുവന്‍ ഓഹരിയും ഓര്‍ക്‌ല വാങ്ങും.

കോമ്പറ്റീഷന്‍ കമ്മീഷന്‍റെ അനുമതി ലഭിക്കുന്നതോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുക. ഒന്നേകാല്‍ വര്‍ഷം നീളുന്ന ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഈസ്‌റ്റേണിനെ എം.ടി.ആറുമായി ലയിപ്പിക്കും. പുതിയ കമ്പനിയില്‍ ഓര്‍ക്‌ലക്ക് 90.1 ശതമാനവും ഫിറോസ് , നവാസ് മീരാന്‍ സഹോദരങ്ങള്‍ക്ക് 9.99 ശതമാനം ഉടമസ്ഥാവകാശവും ഉണ്ടാവും. ഓര്‍ക്‌ലക്ക് 32 രാജ്യങ്ങളില്‍ വിപണികള്‍ ഉണ്ട് .എംടിആറിനെ 2007 ല്‍ ഏറ്റെടുത്തതുവഴി ഇന്ത്യയിലെ വില്‍പ്പന ഓര്‍ക്‌ല അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ബംഗളൂരു ആസ്ഥാനമായി 1924 ല്‍ സ്ഥാപിതമായ എംടിആറിന്‍റെ ഈസി ടു യൂസ് പോക്കേജ്ഡ് രൂപത്തിലുളള സ്വാദിഷ്ടമായ ഇന്ത്യന്‍ വിഭവങ്ങള്‍ പ്രശസ്തമാണ്. വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഈ ബ്രാന്‍റിലുളളത്. എന്നാല്‍ ഈസ്‌റ്റേണ്‍ ബ്രാന്‍റില്‍ നോണ്‍ വെജ് ഉല്‍പ്പന്നങ്ങളും വിവപണിയിലുണ്ട്.

1983 ല്‍ എം ഇ മീരാനാണ് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മക്കളായ നവാസ് മീരാന്‍ ചെയര്‍മാനും, ഫിറോസ് മീരാന്‍ മാനേജിംഗ് ഡയറക്ടറുമാണ്. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തെ കമ്പനിയുടെ വിറ്റുവരവ് 1000 കോടി രൂപയാണ്. ഇതില്‍ പകുതിയോളം കേരളത്തില്‍ നിന്നാണ്. ശേഷിക്കുന്നത് രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലെ വില്‍പ്പനയിലൂടെയും കയറ്റുമതിയിലൂടെയും ആണ് . കൊച്ചി ഇടപ്പളളിയിലാണ് കമ്പനിയുടെ ആസ്ഥാനം മൂവായിരത്തോളം ജീവനക്കാരുളള കമ്പനിക്ക് നാല് സംസ്ഥാനങ്ങളിലായി ഏഴ് ഫാക്ടറികളുണ്ട്.

Share
അഭിപ്രായം എഴുതാം