ന്യൂഡൽഹി: 6 വയസുവരെയുള്ള കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വളര്‍ച്ച എന്നിവയില്‍ കേരളം ഏറ്റവും മുന്‍പന്തിയിലെന്ന് കണക്ക്. 2005-06 നും 2015-16 വര്‍ഷത്തിനും ഇടയിലുള്ള വിവരങ്ങളുടെ താരതമ്യപഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ബീഹാറാണ്. യങ് ചൈല്‍ഡ് ഔട്ട്കം ഇന്‍ഡെകിസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആരോഗ്യം, പോഷകാഹാരം, വൈജ്ഞാനിക വളര്‍ച്ച എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് വൈസിഒഐ പരിശോധിക്കുന്നത്. ഇതിന് പുറമേ ശിശുമരണ നിരക്കും ഉള്‍പ്പെടുന്നു. ലിംഗഭേദം, ദാരിദ്ര്യം, ആരോഗ്യം, സുരക്ഷിതമായ ജലവിതരണം, വിദ്യഭ്യാസം എന്നിവയെ കുറിച്ചുള്ള വിവിധ സൂചകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വൈസിഇഐ.
ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതോടൊപ്പം 2015-16 ലെ യങ് ചൈല്‍ഡ് പരിസ്ഥിതി സൂചികയും പുറത്ത് വിട്ടിട്ടുണ്ട്.
2015-16 ലെ ശിശുപരിസ്ഥിതി സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ 0.672 ആണ്. അതില്‍ കേരളവും ഗോവയുമാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ട് പിറകിലായി ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, എന്നിവയാണ് തുടര്‍ന്നുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വൈസിഒഐയില്‍ 2015-16 ല്‍ കേരളത്തിന് 0.858 ആണ് സ്‌കോര്‍. 0.817 ആണ് ഗോവയുടേത്. 2005-06 നും 2015-16 നും ഇടയില്‍ എല്ലാ സംസ്ഥാനങ്ങളും വ്യത്യസ്ത തലങ്ങളില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 2015-16 വര്‍ഷത്തെ ദേശിയ ശരാശരിയേക്കാള്‍ താഴെയുള്ളത് 8 സംസ്ഥാനങ്ങളാണ്. അസം (0.583), മേഘാലയ (0.562), രാജസ്ഥാന്‍( 0.556), ഛത്തീസ്ഗഢ്(0.555), മധ്യപ്രദേശ് (0.562), ജാര്‍ഖഢ്(0.500) എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍.
വൈസിഒഐ – യില്‍, ത്രിപുര 2005-06ലെ 0.582 എന്ന സ്‌കോറില്‍ നിന്ന് 2015-16ല്‍ 0.761 ലേക്ക് എത്തിയിട്ടുണ്ട്.. 2015-16ല്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 0.452 ആണ് അത് ബീഹാറിലാണ്.