കൂടിയ ആത്മഹത്യാ നിരക്കിൽ അഞ്ചാം സ്ഥാനത്ത് കേരളം; ഏറ്റവും കൂടുതൽ ആത്മഹത്യ കൊല്ലം ജില്ലയിൽ

തിരുവനന്തപുരം: ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്ത് കേരളം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത് കൊല്ലത്താണ്. ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 10.2 ആയപ്പോൾ കൊല്ലത്തെ നിരക്ക് 41.2 ആണ്. കേരളത്തിലെ ആത്മഹത്യാ നിരക്ക് 24.3 ആണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

കേരളത്തിൽ 2018 ൽ 8,237 പേരാണ് ആത്മഹത്യ ചെയ്തത്. 2019 ആയപ്പോൾ 8,556 പേർ ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതൽ ആത്മഹത്യ സംഭവിക്കുന്നത് കുടുംബ പ്രശ്‌നങ്ങൾ കാരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 3,655 പേരാണ് കേരളത്തിൽ കുടുംബ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്തത്. 974 പേർ മാനസിക പ്രശ്‌നങ്ങൾ കൊണ്ടും, 974 മറ്റ് രോഗങ്ങൾ കൊണ്ടും, 792 പേർ മദ്യാസക്തി കൊണ്ടും, 259 പേർ കടബാധ്യത കാരണവും, 230 പേർ പ്രണയം തകർന്നതുകൊണ്ടും, 81 പേർ തൊഴിലില്ലായ്മ കാരണവും ആത്മഹത്യ ചെയ്തു.

കൊല്ലത്ത് 130 പേരാണ് മാനസിക രോഗങ്ങൾ കാരണം ആത്മഹത്യ ചെയ്തത്. 150 പേരാണ് ജില്ലയിൽ കുടുംബപ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്തത്. 26 പേർ പ്രണയബന്ധങ്ങൾ കാരണവും. തൃശൂർ ജില്ലയിലെ ആത്മഹത്യാ നിരക്ക് 21.8 ആണ്. കടബാധ്യതയാണ് ജില്ലയിലെ പ്രധാന കാരണം. 48 പേരാണ് ആത്മഹത്യ ചെയ്തത്.

കേരളത്തിൽ മാത്രം പ്രതിവർഷം 8000 പേരാണ് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യകൾ തടയുന്നതിനുള്ള ദേശീയ സംഘടനയായ ബിഫ്രണ്ടേഴ്‌സ് ഇന്ത്യയിലെ അംഗം അഡ്വ. രാജേഷ് ആർ പിള്ള പറയുന്നത് ആത്മഹത്യാ നിരക്ക് കുറയ്ക്കാനുള്ള മാർഗങ്ങളൊന്നും സംസ്ഥാനത്ത് ഫലപ്രദമല്ലെന്നാണ്.

Share
അഭിപ്രായം എഴുതാം