ഭാര്യയെ അധ്യാപികയാക്കാൻ ആഗ്രഹം; ഗർഭിണിയായ ഭാര്യയുമായി യുവാവ് ബൈക്കിൽ താണ്ടിയത് നാലു സംസ്ഥാനങ്ങൾ

ജാർഖണ്ഡ്: ഭാര്യയെ അധ്യാപികയാക്കണം എന്ന ലക്ഷ്യവുമായി ജാർഖണ്ഡ് സ്വദേശി ബൈക്കിൽ താണ്ടിയത് നാലു സംസ്ഥാനങ്ങൾ. അധ്യാപക യോഗ്യതാ പരീക്ഷയിൽ പങ്കെടുപ്പിക്കാനാണ് ഗർഭിണിയായ ഭാര്യയുമായി ഇയാൾ 1200 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ ധനഞ്ജയ് കുമാറും (27) ഭാര്യ സോണി ഹെബ്രാമു (22) മാണ് നാലു സംസ്ഥാനങ്ങൾ പിന്നിട്ട് പരീക്ഷയ്ക്കായി ജാർഖണ്ഡിൽ നിന്ന് മധ്യപ്രദേശിലെത്തിയത്. ഗർഭിണിയായ ഭാര്യയെ ബൈക്കിന് പിന്നിലിരുത്തിയുള്ള യാത്രയ്ക്ക് കനത്ത മഴയോ, റോഡിലെ കുണ്ടും കുഴികളോ ഒന്നും ധനഞ്ജയ് കുമാറിന് ഒരു തടസമായില്ല.

മധ്യപ്രദേശിലെ ഗ്വാളിയോറിലായിരുന്നു സോണിയുടെ ബി.എഡ്. പരീക്ഷാ കേന്ദ്രം. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളും ദൂരവും ഒരു വെല്ലുവിളിയായില്ല. എല്ലാം അതിജീവിക്കാനുറച്ച് ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ നിന്നാണ് ധനഞ്ജയ് കുമാറും ഭാര്യ സോണി ഹെബ്രാമുവും യാത്ര തിരിച്ചത്. ഭാര്യയെ ഒരു അധ്യാപികയായി കാണണമെന്നുള്ള അതിയായ ആഗ്രഹമാണ് ധനഞ്ജയ് കുമാറിനെ ആ യാത്രയ്ക്ക് പ്രേരിപ്പിച്ചത്.

ആഭരണം വിറ്റാണ് യാത്രയ്ക്കുള്ള10,000 രൂപ കണ്ടെത്തിയത്. യാത്രയ്ക്കായി ടാക്സി വിളിച്ചിരുന്നെങ്കിൽ 30,000 രൂപ ചെലവ് വരുമായിരുന്നു. അതു കണ്ടെത്താൻ കഴിയാത്തതിനാൽ ബൈക്കിൽ പോകാൻ തന്നെ തീരുമാനിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കും മുറി വാടകയ്ക്കുമായി 5000 രൂപ ചെലവായി. ഓഗസ്റ്റ് 28ന് ജാർഖണ്ഡിൽ നിന്ന് യാത്ര ആരംഭിച്ച ദമ്പതിമാർ മുസാഫർപുർ (ബീഹാർ), ലഖ്നൗ (യുപി) എന്നിവിടങ്ങളിൽ ഓരോ ദിവസം വീതം താമസിച്ചാണ് ഗ്വാളിയോറിലെത്തിയത്.

യാത്രയ്ക്കിടയിൽ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തിരുന്നു. പനിയും ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം ശരിയായി. അധ്യാപന ജോലിക്ക് തിരഞ്ഞെടുക്കുമെന്ന് ഉറപ്പുള്ളതായും ദമ്പതിമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദമ്പതിമാരുടെ അതി സാഹസിക യാത്രയുടെ വാർത്ത പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടതോടെ ഇവരെ സഹായിക്കാൻ ജില്ലാ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് അധ്യാപന യോഗ്യതയ്ക്കായി നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 30 നാണ് ദമ്പതിമാർ ഗ്വാളിയോറിൽ എത്തിയത്. പരീക്ഷ സെപ്റ്റംബർ 11 വരെ തുടരും.

Share
അഭിപ്രായം എഴുതാം