ആൾദൈവം ആസാറാം ബാപ്പുവിനെ കുറിച്ചുളള പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കോടതിയുടെ വിലക്ക്

ന്യൂഡൽഹി: ആൾദൈവം ആസാറാം ബാപ്പുവിനെ കുറിച്ചുളള ‘ഗണ്ണിംഗ് ഫോർ ദി ഗോഡ്മാൻ: അസറാം ബാപ്പുവിന്റെ കുറ്റവിചാരണയ്ക്ക് പിന്നിലെ യഥാർത്ഥ കഥ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസിനെ ദില്ലി കോടതി വിലക്കി.

ഏഴ് വർഷം മുൻപ് ആസറാം ബാപ്പുവിനെ അറസ്റ്റുചെയ്ത രാജസ്ഥാൻ പൊലീസ് ടീമിനെ നയിച്ച ജയ് പാൽ ലാമ്പ എന്ന ഐ പി എസ് ഉദ്യോഗസ്ഥനും മറ്റൊരാളും ചേർന്നാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സെപ്റ്റംബർ 5 നായിരുന്നു പുസ്തകം പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നത്.പാട്യാല അഡീഷണൽ ജില്ലാ ജഡ്ജിയായ ആർ.എൽ. മീനയാണ് പുസ്തകത്തിൻറെ പ്രസിദ്ധീകരണം തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്.

ആശാറാം ബാപ്പുവിൻ്റെ കേസിൽ കൂട്ടുപ്രതിയായി പോസ്കോ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സഞ്ചിത ഗുപ്തയാണ് പുസ്തകത്തിനെതിരെ കോടതിയെ സമീപിച്ചത്. സഞ്ചിതയുടെ പേരിൽ ചാർത്തപ്പെട്ട കുറ്റങ്ങൾ തെളിയിക്കാനായിട്ടില്ല എന്നും രാജസ്ഥാൻ ഹൈക്കോടതി അവർക്കുള്ള ശിക്ഷ സ്റ്റേ ചെയ്തിട്ടുള്ളതാണെന്നും ആയതിനാൽ പുസ്തകത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ അപകീർത്തികരമാണെന്നും സഞ്ചിതയുടെ അഭിഭാഷകൻ വാദിച്ചു. സെപ്റ്റംബർ 30ന് കേസിൽ വീണ്ടും വാദം കേൾക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ച ആസാറാം ബാപ്പുവിന്റെ ആസ്തി ഏകദേശം 10,000 കോടിയാണ്. 1970ല്‍ സബര്‍മതിയുടെ തീരത്ത് ഒരു ആശ്രമം സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയ ആസാറാമിന് രാജ്യത്തിന് അകത്തും പുറത്തുമായി നാനൂറിലധികം ആശ്രമങ്ങളുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം