സെക്കന്റുകളും മിനിട്ടുകളും മണിക്കൂറുകളും എണ്ണി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ശ്വേത ഭട്ട്; സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചിട്ട് ഇന്ന് രണ്ട് വർഷം

ജാംനഗർ: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചിട്ട് ഇന്ന് രണ്ട് വർഷം. ഭാര്യ ശ്വേത ഭട്ട് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചത്. 2018 സെപ്തംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികാര ബുദ്ധിയോടെ സഞ്ജീവിനെ തങ്ങളിൽ നിന്നും കുടുംബത്തിൽ നിന്നും വീട്ടിൽ നിന്നും അപഹരിച്ചിട്ട് രണ്ട് വര്‍ഷമായെന്ന് ശ്വേത ഫേസ് ബുക്കില്‍ കുറിച്ചു.

വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുത്ത് സഞ്ജീവ് ഭട്ടിനെ നശിപ്പിക്കാനാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭരണകൂടം ശ്രമിച്ചത്. തളരാതെ, കീഴടങ്ങാതെ, തലകുനിക്കാതെ സത്യത്തിന് വേണ്ടിയുളള പോരാട്ടം സഞ്ജീവ് ഭട്ട് തുടരുകയാണ്. സെക്കന്റുകളും മിനിട്ടുകളും മണിക്കൂറുകളും എണ്ണി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഈ രാജ്യത്തെ പൌരന്മാര്‍ വിസ്മൃതിയില്‍ നിന്ന് എഴുന്നേറ്റ് അധികാരികളോട് ചെയ്തതത്രയും മതിയെന്ന് പറയുന്നതും കാത്തിരിക്കുകയാണെന്ന് ശ്വേത ഭട്ട് എഴുതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാരത്തിന്‍റെയും വിമര്‍ശകനായിരുന്ന സഞ്ജീവ് ഭട്ടിനെ പഴയ കേസുകളില്‍പ്പെടുത്തിയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതെന്ന വിമര്‍ശനം തുടക്കം തൊട്ടേയുണ്ട്.

ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെ ബിജെപി വേട്ടയാടാന്‍ തുടങ്ങിയത്. 2015ല്‍ സര്‍വീസില്‍ നിന്ന് നീക്കി. 1990ലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ജാംനഗറില്‍ അഡീഷണല്‍ സൂപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പിന്നീട് മരിച്ചത് കസ്റ്റഡിയിലെ പീഡനത്തെ തുടര്‍ന്നായിരുന്നു എന്നാണ് കേസ്. വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് പ്രഭുദാസ് വൈഷ്ണവി ഉള്‍പ്പെടെ 150 പേരെ കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച് 10 ദിവസം കഴിഞ്ഞപ്പോള്‍ വൈഷ്ണവി മരിച്ചു. ആ കേസിലാണ് 2018ല്‍ ഭട്ടിനെ അറസ്റ്റ് ചെയ്തത്. 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഈ വിധിക്കെതിരെ ശ്വേത ഭട്ടും കുടുംബവും നടത്തുന്ന നിയമ പോരാട്ടമാണ് രണ്ടു വർഷം കടന്നത്.

Share
അഭിപ്രായം എഴുതാം