കരടികള്‍ നാശം വിതക്കുന്നതായി പരാതി

വിതുര: കരടികള്‍ കാടിറങ്ങി ജനവാസ മേഖലയിലാകെ നാശം വിതയ്ക്കുന്നതായി പരാതി. വിതുര പഞ്ചായത്തിലാണ് കരടികള്‍ കൂടുതല്‍ ഭീതി പരത്തുന്നത്. ആനയും കാട്ടുപോത്തുകളും നാശം വിതച്ചതിന് പിന്നാലെയാണ് കരടികളുടെ ശല്ല്യം രൂക്ഷമായിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ ചക്ക തിന്നാനാണ് കരടികള്‍ എത്തുന്നത്. ഓടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആക്രമണം നടത്തുന്നതും  പതിവാണ്.

അര്‍ദ്ധരാത്രിയോടെയാണ് കരടികള്‍ ചക്ക തേടി നാട്ടിന്‍പുറങ്ങളിലെത്തുന്നത്. ചക്കസീസണ്‍ അവസാനിക്കുന്നതോടെ കരടികള്‍ പിന്‍വലിയുകയും ചെയ്യും. കരടി ശല്ല്യത്തെക്കുറിച്ച് ആദിവാസികള്‍ പരാതി നല്‍കിയിരുന്നു. അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ആഴ്ച വീട് മേയാനുളള ഈറ്റയില ശേഖരിക്കാന്‍ കാട്ടില്‍ പോയ നരകത്തിന്‍കാല അറവലകരിക്കകം സ്വദേശിയായ യുവാവിനെ വിതുര ഐസറിന് സമീപം കത്തിപ്പാറയില്‍ വച്ച് കരടി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ് ആദിവാസികള്‍.

Share
അഭിപ്രായം എഴുതാം