പൊന്നാനി: പൊന്നാനി ഹാര്‍ബറിലെ ടോള്‍ പിരിക്കുന്നതിനുളള ടെണ്ടർ 32 ലക്ഷം രൂപയ്‌ക്ക് ഉറപ്പിച്ചു. പൊന്നാനി ഹാര്‍ബറിലെ എഞ്ചിനീയറിംഗ് വകുപ്പ് ഓഫീസില്‍ നടന്ന ടെണ്ടർ നടപടി കളാണ് ടോള്‍ പിരിവുകാരെ നിശ്ചയിച്ചത്. രണ്ടുഘട്ടങ്ങളിലായി നടന്ന ടെന്‍ററിലും ലേല നടപടികളിലും അഞ്ചുപേര്‍ ലേലത്തിലും ഒരാള്‍ ടെന്‍ററിലും പങ്കെടുത്തു.
സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞാല്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ കഴിയും. ഒരു വര്‍ഷമാണ് ടോള്‍ കാലാവധി. അതുകഴിഞ്ഞാല്‍ വീണ്ടും ലേലം ചെയ്യും. ബോട്ടുകള്‍ക്ക് 60, ചെറുവളളങ്ങള്‍ക്ക് 50, വാഹനങ്ങള്‍ക്ക് 15 മുതല്‍ 85 വരെ എന്നിങ്ങനെയാണ് തുക നിശ്ചയിച്ചിട്ടുളളത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഹാര്‍ബറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
ഹാര്‍ബറിലെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്ക് ടോള്‍പിരിവ് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ലേലപ്പുരയുടെ ആധുനീകവല്‍ക്കരണവും നടപ്പിലാക്കാന്‍ കഴിയും. ഇതിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം പ്ലാന്‍ തയ്യാറാക്കി വരികയാണ്.പുതിയ വാര്‍ഫ് കൂടി വരുന്നതോടെ ഹാര്‍ബറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. ടോള്‍ പിരിവ് ആരംഭിക്കുന്നതോടെ ഹാര്‍ബര്‍ ഗേറ്റില്‍ സ്ഥിരം കാവല്‍ക്കാരന്‍റെ സേവനവും ലഭ്യമാക്കും.