മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന; ഇന്ത്യ തെറ്റു തിരുത്താന്‍ തയ്യാറാകണം

ബെയ്ജിങ്: ഇന്ത്യയുടെ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള  തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന. ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നും ഗയോഫെങ് കുറ്റപ്പെടുത്തി. ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.

ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ ഐ.ടി.നിയമത്തിന്റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഗെയിം ആപ്പുകളായ കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയവയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ടിക് ടോക് അടക്കം നേരത്തേ 50 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സ്വകാര്യതയ്ക്കും ദോഷം ചെയ്യുന്ന ആപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നതോടെയാണ് ആപ്പുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രം അറിയിച്ചത്.

Share
അഭിപ്രായം എഴുതാം