ആംസ്റ്റർഡാം : 131 കോടി രൂപ വിലവരുന്ന പ്രശസ്തമായ പെയിൻറിംഗ് നെതർലാൻഡ്സിലെ മ്യൂസിയത്തിൽ നിന്നും മോഷണം പോയി. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായ ഫ്രാൻസ് ഹാൾസിൻറെ ‘രണ്ട് ചിരിക്കുന്ന ആൺകുട്ടികൾ ‘ എന്ന വിഖ്യാത പെയിൻറിങ് ആണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഇത് മൂന്നാം തവണയാണ് ഇതേ പെയിൻറിംഗ് മോഷ്ടിക്കപ്പെടുന്നത്. വ്യാഴാഴ്ച പുലർച്ചയോടെ മ്യൂസിയത്തിന്റെ പിൻവാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കോവിഡിനെ തുടർന്ന് മാസങ്ങളായി മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. അവസാനമായി ഈ പെയിൻറിംഗ് മോഷ്ടിക്കപ്പെട്ടത് 2011 മെയ് മാസത്തിലാണ്.
അന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു. കോവിഡ് കാലത്ത് നെതർലാൻഡ്സിൽ നടക്കുന്ന രണ്ടാമത്തെ പെയിൻറിങ് മോഷണമാണിത്.
ഈ വർഷം മാർച്ചിൽ നെതർലാൻഡ്സിലെ സിംഗർ ലാറൻസ് മ്യൂസിയത്തിൽ നിന്നും ലോക പ്രശസ്ത ചിത്രകാരൻ വാൻഗോഗിന്റെ പെയിൻറിങ് മോഷ്ടിക്കപ്പെട്ടിരുന്നു . അത് കണ്ടെടുക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.