ന്യൂഡൽഹി: അടുത്ത 50 വർഷവും പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണ് അദ്ദേഹം.തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത 27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്.
സംഘടനാ തിരഞ്ഞെടുപ്പ് 15 വർഷങ്ങൾക്ക് മുമ്പുതന്നെ നടക്കേണ്ടതായിരുന്നു വെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങളായി പാർട്ടിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാകട്ടെ പല തിരഞ്ഞെടുപ്പുകളിലും പാർട്ടി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിൽനിന്നൊക്കെ മാറ്റം കൊണ്ടുവരാൻ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് സംഘടനാ തിരഞ്ഞെടുപ്പാണ് ഒരുവഴിയെന്നും ഗുലാം നബി ആസാദ് പറയുന്നു.
തോൽവി ഭയന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ചിലർ ആ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് ശ്രമിക്കുന്നത്. നാമനിർദ്ദേശത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളായവരാണ് അവർ. അത് അങ്ങനെ തന്നെ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും ഗുലാംനബി ആസാദ് പറയുന്നു. തന്റെ ആവശ്യത്തെ എതിർക്കുന്ന പാർട്ടി ഭാരവാഹികൾ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

