ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേഷ് വര്‍മ തുടങ്ങിയവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി.
ചട്ടം അനുസരിച്ചുള്ള ഹര്‍ജിയല്ല സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി.നേരത്തെ കേസ് കോടതി ഫയലില്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വൃന്ദ കാരാട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കീഴ്‌കോടതി ഇപ്പോള്‍ കേസ് പരിഗണിച്ചത്.
ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് ഡല്‍ഹി കലാപത്തിന് കാരണമായതെന്നാണ് കാരാട്ടിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു അനുരാഗ് താക്കൂറിന്റെ വിവാദ പരാമര്‍ശം. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ ആഹ്വാനം.
പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് താക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു.സമാനമായ രീതിയില്‍ പശ്ചിമ ഡല്‍ഹി എം.പിയായ പര്‍വേശ് വര്‍മയും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരെ വീട്ടില്‍ കയറി ലൈംഗികമായി അതിക്രമിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു പര്‍വേശ് വര്‍മയുടെ ഭീഷണി. ഇതിനെതിരെയാണ് ബൃന്ദ കാരാട്ട് പരാതി നല്‍കിയത്.