തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ നാലുപേരെ കൂടി എന് ഐ എ അറസ്റ്റ് ചെയ്തു. 24-08-2020 നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി ജിഫ്സൽ സി വി, മലപ്പുറം സ്വദേശി അബൂബക്കർ പി, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശി അബ്ദുൽ ഹമീദ് പി എം എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട നാലു പ്രതികൾ. ഈ കേസിൽ അറസ്റ്റിലായ മറ്റ് ആളുകളുമായി ഗൂഢാലോചന നടത്തുകയും സ്വർണം ഇറക്കുമതി ചെയ്യാൻ ആവശ്യമായ പണം സഹകരിക്കുകയും ചെയ്തു എന്നുള്ളതാണ് ഇവർക്കെതിരെയുള്ള കുറ്റം.
26 ഓഗസ്റ്റ് 2020-ന് ആരോപിതരായ ഈ വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻ ഐ എ പരിശോധന നടത്തി. അറസ്റ്റിലായ അബൂബക്കറുടെ ഉടമസ്ഥതയിലുള്ള മലബാർ ജ്വല്ലറിയിലും, അബ്ദുൽഹമീദിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറത്തെ അമീൻ ഗോൾഡ് ജ്വല്ലറിയിലും, ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് അമ്പി ജ്വല്ലറിയിലും, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തു. എൻഐഎ സംശയിക്കുന്ന 25 പേരിൽ 20 പേർ ഇതോടെ അറസ്റ്റിലായി. അന്വേഷണം പുരോഗമിക്കുന്നു.


