ബാലരാമപുരം : യുവതിയെ റോഡിലിട്ട് അടിച്ച് അവശയാക്കി കൊല്ലാൻ ശ്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആർസി സ്ട്രീറ്റിൽ തൊളിയറത്തല വീട്ടിൽ ബൈജുവാണ് അറസ്റ്റിലായത് . ആർസി സ്ട്രീറ്റിൽ വായനശാലക്ക് സമീപം റാണിയുടെ മകൾ അജി (34) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 24-08-2020 തിങ്കളാഴ്ചയായിരുന്നു സംഭവം.
അജി കുറച്ചുനാളുകളായി ഭർത്താവുമായി വേർപിരിഞ്ഞാണ് ജീവിച്ചിരുന്നത്. പ്രതി ബൈജുവുമായി അടുപ്പത്തിലായതിനുശേഷം അവർ ഒന്നിച്ച് കഴിഞ്ഞു വരികയായിരുന്നു. താന്നിവിളയിലുള്ള ഒരു ഫ്രൂട്ട്സ് ഗോഡൗണിൽ ആണ് അജി ജോലി ചെയ്തിരുന്നത്. ബൈജുവിന്‍റെ മദ്യപാനവും മർദനവും സഹിക്കവയ്യാതെയായി കുറച്ചുനാൾമുമ്പ് അകന്നു താമസിക്കാൻ തുടങ്ങി. 24-08- 2020 അജിയുടെ സ്കൂട്ടർ മോഷണം പോയി. പോലീസ് സ്റ്റേഷനിൽ പരാതി നൽകി റോഡിലൂടെ നടന്നു വരികയായിരുന്നു അജി. ബൈജു അജിയെ പിന്തുടർന്ന് വന്ന് റോഡിലിട്ട് മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് ചരട് കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
നാട്ടുകാരും പോലീസും ചേർന്ന് അജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാലരാമപുരം സിഐ ജി ബിനു, എസ് ഐ എസ് വിനോദ് കുമാർ, അസിസ്റ്റൻറ് എസ് ഐ തങ്കരാജ്, സിപിഒ മാരായ ശ്രീകാന്ത്, സുധീഷ്, സജിത്ത് ലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.