പഞ്ചായത്ത് ഓഫീസില്‍ അതിക്രമം നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കി ജില്ലയില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. കരാറുകാരന്‍ ഗോപി രാജന്‍(46),മാനേജര്‍ ആന്‍റണി രാജ(27) ജോലിക്കാരായ മുത്തുകുമാര്‍(30),വിജയ്(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ആഗസ്റ്റ് 24 ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ച് കയറിയ സംഘം ആക്രമണം നടത്തിയത്. വികലാംഗനായ സെക്രട്ടറി ടി രഞ്ചന്‍, ജീവനക്കാരായ ശ്രീകുമാര്‍, പിഎസ് സുമേഷ്, മനുഗോപി, രാമന്‍ രാഘവന്‍ എന്നിവര്‍ ഈ സമയം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നു. ഓഫീസിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തശേഷം അക്രമികള്‍ സെക്രട്ടറി രഞ്ചനേയും മറ്റുജീവനക്കാരേയും അക്രമിക്കുകയായിരുന്നു. തടയാനെത്തിയ ജീവനക്കാരനായ ശ്രീകുമാരനെ പട്ടിക കഷണം ഉപയോഗിച്ച് തല്ലി . പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയ പോലീസ് മൊഴിരേഖപ്പെടുത്തി കേസ് എടുത്തു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടം റവന്യൂ വകുപ്പ് പൊളിച്ചുമാറ്റിയതിലുളള പ്രതിഷേധമാണ് അക്രമണത്തില്‍ കാലാശിച്ചത് എന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ കെട്ടിട നിര്‍മ്മാമണത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയുന്നു.

Share
അഭിപ്രായം എഴുതാം