ഷിംല: ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഡൽഹിയിൽ നിന്ന് ചൈനീസ് ചാരനെന്നു കരുതപ്പെടുന്ന ഒരാളെ അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് ഹിമാചൽ പ്രദേശിലെ ധർമശാലയിലുള്ള ലാമയുടെ വസതിയുടെ സുരക്ഷ കൂട്ടാൻ കേന്ദ്ര ഏജൻസികളും ഹിമാചൽ പ്രദേശ് പൊലീസും തീരുമാനിച്ചത്.
ചാർളി പെങ് എന്നയാൾ ഒരാഴ്ച മുൻപാണ് ഡൽഹിയിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുമായി ബന്ധമുള്ള ഒരു ചൈനീസ് വനിതയെയും മറ്റൊരാളെയും ഹിമാചൽ പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ നിരന്തരം ലാമയുടെ വിവരങ്ങൾ ചാർളിക്ക് എത്തിച്ചിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.
ഹിമാചൽ പ്രദേശിൽ അറസ്റ്റിലായവരുടെ അക്കൗണ്ടുകളിൽ നിന്നും 1.38 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. ഈ പണം പ്രാദേശികരായ സഹായികളിലേക്ക് എത്തിയിട്ടുണ്ടാകാം എന്നും പൊലീസ് കണക്കുകൂട്ടുന്നു. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.
തങ്ങൾ സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദലൈലാമയുടെ സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ടാക്കൂർ പറഞ്ഞു.
ഇന്ത്യയിൽ ത്രിതല സുരക്ഷ നൽകപ്പെട്ടിട്ടുള്ളയാളാണ് ദലൈലാമ. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.