ചണ്ഡിഗഢ്: കൊവിഡ് പ്രതിസന്ധിക്കെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടം സമാനതകള്‍ ഇല്ലാത്തതാണ്. മാസ്‌ക് അണിയാന്‍ പോലും നമ്മള്‍ മടി കാണിക്കുമ്പോഴാണ് മണിക്കൂറുകളോളം പിപിഇ കിറ്റണിഞ്ഞ് അവര്‍ നമ്മെ പരിചരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നത് തീരെ എളുപ്പമല്ലെന്ന് പലപ്പോഴായി നമ്മള്‍ കേട്ടിട്ടുണ്ട്. ഇത് ശരിവച്ചു കൊണ്ടാണ് ഹരിയാനയിലെ വനിതാ ഡോക്ടര്‍ രംഗത്ത് വന്നിരിക്കുന്നത്. പിരീഡ്‌സ് സമയത്ത് എട്ട് മണിക്കൂറോളം പാഡും മൂത്രമൊഴിക്കാന്‍ ഡയപ്പറും വച്ച് എപ്പോഴെങ്കിലും നിന്നിട്ടുണ്ടോയെന്ന ചോദ്യവുമായാണ് ഡോക്ടര്‍ ന്യൂറോളജിസ്റ്റായ ജസ്ലോവ്‌ലീന്‍ കൗര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.
സാംക്രമിക രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന സുരക്ഷാ ഡ്രസാണ് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ് കിറ്റ് (പി.പി.ഇ. കിറ്റുകള്‍).ഈ കിറ്റുകള്‍ ധരിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ വിയര്‍ത്ത് കുളിക്കും. ശീതീകരിച്ച സ്ഥലങ്ങളിലൊഴികെ ബുദ്ധിമുട്ടാണ്. ഇവ ധരിച്ച് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനാകില്ല. ഏറെനേരം ഇരിക്കാനും ബുദ്ധിമുട്ടാണ്. ഗ്ലൗസ്, ഗൗണ്‍, തലയുള്‍പ്പെടെ മുഴുവന്‍ ശരീരവും മൂടുന്ന വസ്ത്രം, കാലുറ, മാസ്‌ക്, ഗോഗിള്‍സ് (കണ്ണട), ശ്വസനോപകരണം എന്നിവയാണ് പി.പി.ഇ. കിറ്റില്‍ ഉണ്ടാകുക. ഈ ഉടുപ്പിന് അകത്ത് ഇറങ്ങി കുറച്ചു കഴിയുമ്പോള്‍ ഒരു അടച്ച മുറിക്കുള്ളില്‍ കുടുങ്ങിയതു പോലെ തോന്നും. പിന്നെ ചെറുതായി ചൂട് അറിയാന്‍ തുടങ്ങും. പിന്നെ വിയര്‍ക്കും. ധരിച്ച ഡ്രസ്സ് ഒക്കെ ദേഹത്ത് ഒട്ടിപ്പിടിക്കാന്‍ തുടങ്ങും.വിയര്‍പ്പ് കണങ്ങള്‍ മുഖത്തും നെറ്റിയിലും ഉരുണ്ടു കൂടി കണ്ണിന് മുകളിലൂടെ ഒഴുകാന്‍ തുടങ്ങും. മാസ്‌ക് വെച്ചിരിക്കുന്ന മൂക്കിനും വായക്കു ചുറ്റിലും വിയര്‍ക്കും. ശ്വാസം കിട്ടാത്ത പോലെ തോന്നും. വിയര്‍പ്പ് കാലിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ ചൊറിയാന്‍ തുടങ്ങും. ഇതൊക്കെ പറിച്ചു കളയാന്‍ തോന്നും. പക്ഷെ ഒന്നും ചെയ്യാന്‍ ഇല്ല. ജോലി സമയം തീരും വരെ അത് ധരിച്ചേ മതിയാവു.
വനിതാ ജീവനക്കാരുടെ സ്ഥിതിയാവട്ടേ അതിലും ദയനീയമാണ്. പ്രത്യേകിച്ച് ആര്‍ത്തവ സമയങ്ങളില്‍. മൂത്രമൊഴിക്കാന്‍ ഡയപ്പറും അതിനൊപ്പം പാഡും ധരിച്ച് എട്ട് മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഇതിനിടെ ഒരിക്കല്‍ പോലും പാഡ് മാറ്റാന്‍ അവസരം ലഭിക്കില്ല. ബ്ലീഡിങ് കുറവുള്ളവര്‍ പോലും രണ്ട് പാഡ് ഉപയോഗിക്കണം. അപ്പോള്‍ ബ്ലീഡിങ് കൂടുതലുള്ളവരുടെ അവസ്ഥ ആലോചിച്ച് നോക്കുവെന്നും ഡോക്ടര്‍ പറയുന്നു. താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും എക്‌സ് എല്‍ സൈസിലുള്ള പാഡ് ഉപയോഗിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ അത് ഉപയോഗിക്കേണ്ടി വന്നു. അതിലൂടെ മാത്രമേ ആര്‍ത്തവം ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എട്ട മണിക്കൂര്‍ കഴിഞ്ഞാലും പ്രശ്‌നം തീരില്ല.പി.പി.ഇ.കിറ്റ് ശരീരത്തില്‍ നിന്ന് നീക്കുന്നതും വളരെ ശ്രദ്ധിച്ചു മാത്രമായിരിക്കണം. കൈയുറ ഊരുമ്പോള്‍ പോലും അല്‍പ്പം പാളിയാല്‍ കിറ്റ് ഉപയോഗിച്ചതിന്റെ ഗുണം ഇല്ലാതാകും. അത് കൃത്യമായി അഴിച്ച് മാറ്റാന്‍ ഒരു മണിക്കൂറിന് അടുത്ത് സമയം വേണം. ഇതും കഴിഞ്ഞ് പാഡും മറ്റും മാറ്റുമ്പോഴെക്കും ജനനേന്ദ്രിയത്തില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി.