ഐ.പി.എല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ സ്ഥാനമാനങ്ങള്‍ ബാധകമല്ല – കോഹ്ലി

ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്ലി ഐ.പി.എല്ലിലെ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും കൃത്യമായി തന്നെ പാലിക്കണമെന്നു നിര്‍ദ്ദേശിച്ചു. ടീം അംഗങ്ങളുമായി ഓണ്‍ലൈനില്‍ നടത്തിയ സംവാദത്തിലാണ് കോഹ്ലി ഇക്കാര്യം അറിയിച്ചത്.

മുതിര്‍ന്ന താരങ്ങള്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കണമെന്നും കോഹ്ലി പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ ഉള്‍പെടെ എല്ലാവരും തുല്യരാണെന്നും ആവര്‍ത്തിച്ചു.  ‘ബയോബബിള്‍ സുരക്ഷ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. പ്രോട്ടോക്കോള്‍ ലംഘനം ഗൗരവമായാണ് കാണുന്നത്. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ നമുക്കെല്ലാം വലിയ ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും തുല്യരാണ്. മുതിര്‍ന്ന താരങ്ങള്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കണം. ദുബായ് നഗരം സുരക്ഷിതമാണ്.’ കോഹ്ലി പറഞ്ഞു.
സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക.

നവംബര്‍ 10നാണ് ഫൈനല്‍.എല്ലാ ടീമും നിലവില്‍ ഹോട്ടലില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയുകയാണ്. എട്ട് ഫ്രാഞ്ചൈസികളും എട്ട് വ്യത്യസ്ത ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഡ്രസ്സിംഗ് റൂമിലും മറ്റും സാമൂഹിക അകലം പാലിക്കണം. ‘ബയോ സെക്യുര്‍’ മേഖലയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.എല്‍ പെരുമാറ്റച്ചട്ടം മുന്‍നിര്‍ത്തി നടപടിയുണ്ടാകും. ചട്ടങ്ങള്‍ ലംഘിച്ച് പുറത്തു പോകുന്നവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഇതിനുശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി ഫലം നെഗറ്റീവായാല്‍ മാത്രമെ വീണ്ടും ബയോ സെക്യുര്‍ മേഖലയില്‍ പ്രവേശിപ്പിക്കൂകയുള്ളു.

Share
അഭിപ്രായം എഴുതാം