ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുൻ ജഡ്ജിമാർക്കെതിരെ നടത്തിയ അഭിപ്രായപ്രകടനങ്ങൾ കോടതി അലക്ഷ്യം ആണെന്ന് വിധിച്ച സുപ്രീംകോടതി ശിക്ഷ വിധിക്കുന്നത് മുൻപ് കോടതി നടപടി നേരിടുന്ന പ്രശാന്ത്ഭൂഷണ് മൂന്നുദിവസം നൽകിയിരുന്നു. മൂന്നു ദിവസത്തിനു ശേഷം ശിക്ഷ വിധിക്കാൻ വേണ്ടി കോടതി ചേർന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അരമണിക്കൂർ കൂടി പ്രശാന്ത് ഭൂഷണ് ഖേദം പ്രകടിപ്പിച്ച് ശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള സമയം കോടതി അനുവദിച്ചു. എന്നാൽ പ്രശാന്ത് ഭൂഷൺ തന്‍റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതായി അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ സുപ്രീംകോടതിയെ അറിയിച്ചു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുത് എന്ന് കേസിൽ ഹാജരായ അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ കോടതി അറ്റോണി ജനറിലിന്‍റെ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞു. മൂന്നു ദിവസങ്ങൾക്കു മുമ്പ് കോടതി ഈ കേസ് പരിശോധിച്ചപ്പോൾ അറ്റോർണി ജനറലിന്‍റെ അഭിപ്രായങ്ങൾ കോടതി കേൾക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച അറ്റോർണി ജനറലിനോട് അഭിപ്രായം ചോദിച്ചു. മാപ്പുനൽകി വിട്ടയക്കണമെന്ന അഭിപ്രായമാണ് അറ്റോർണി ജനറൽ ബി വേണുഗോപാൽ കോടതി മുമ്പാകെ അറിയിച്ചത്. തെറ്റ് സമ്മതിക്കാതെ മാപ്പ് ആക്കാൻ കഴിയുകയില്ല എന്ന് ജസ്റ്റിസ് എസ് അരുൺ മിശ്ര നിലപാടെടുത്തു. പിന്നീടാണ് നീട്ടിനൽകിയ 30 മിനിറ്റിനുശേഷം പ്രശാന്ത് ഭൂഷന്‍റെ അഭിഭാഷകനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസിലെ വിധിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്. വിധിയിൽ അർധസത്യങ്ങൾ ഉണ്ട്. കോടതിയോട് ബഹുമാനക്കുറവ് കാണിച്ചിട്ടില്ല. അതുകൊണ്ട് സത്യവാങ്മൂലം പിൻവലിച്ച് മാപ്പ് അപേക്ഷിക്കുകയില്ല. ഇതായിരുന്നു രാജീവ് ധവാന്റെ വാദത്തിന്‍റെ കാതൽ.
ഇതിന് പിന്നാലെ അറ്റോർണി ജനറലിനോട് എന്താണ് അവസാനമായി ബോധിപ്പിക്കാനുള്ളത് എന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. പ്രശാന്ത് ഭൂഷണ്‍ ആരോപണമുന്നയിച്ചത് റിട്ടയർ ചെയ്ത ജഡ്ജിമാർക്കെതിരെയും ഇപ്പോൾ സർവീസിലുള്ള ചില ജഡ്ജിമാർക്കെതിരേയുമാണ്. ഇവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടിട്ട് വേണം ശിക്ഷ സംബന്ധിച്ച തീരുമാനമെടുക്കാൻ എന്ന അറ്റോർണി ജനറൽ അറിയിച്ചു. എന്നാൽ ഇത് സ്വീകരിക്കുവാനും ജസ്റ്റിസ് അരുൺ മിശ്ര തയ്യാറായില്ല. മാപ്പ് എന്ന ഒരു വാക്ക് പറയുന്നതിന് പ്രശാന്ത് ഭൂഷണ് എന്താണ് തടസ്സം എന്ന് ജസ്റ്റിസ് അരുൺ മിശ്ര അറ്റോർണി ജനറലിനോട് ചോദിച്ചു. ഇക്കാര്യത്തിൽ പ്രശാന്ത് ഭൂഷണെ ഉപദേശിക്കുവാൻ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ജഡ്ജിമാർ നിശബ്ദരായിരിക്കാൻ വിധിക്കപ്പെട്ടവരാണ്. അവർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പ്രതിരോധിക്കുവാൻ ആവുകയില്ല. മാധ്യമങ്ങൾക്ക് മുമ്പിൽ പോയി വിശദീകരണം നൽകുവാനും സ്വയം സംരക്ഷിക്കുവാനും വഴികളില്ല. ജസ്റ്റിസുമാരെ സംരക്ഷിക്കേണ്ടത് അഭിഭാഷകരും അറ്റോർണി ജനറലും ആണ്. അവരാണ് ജസ്റ്റിസുമാർക്ക് വേണ്ടി പൊതുസമൂഹത്തിൽ വാദിക്കേണ്ടത്. താനും വൈകാതെ റിട്ടയർ ചെയ്യും. ഒരു പക്ഷേ ഇതുപോലുള്ള ആരോപണങ്ങൾ തനിക്ക് നേരെയും ഉണ്ടാകും. ഈ പ്രവണത നന്നല്ല. ജുഡീഷ്യറി എന്ന സ്ഥാപനത്തെ തകർത്തുകളയുന്ന പ്രവണതയാണിത്. അറ്റോർണി ജനറൽ വാദങ്ങൾക്ക് മറുപടിയായി ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ വിധിക്കാതെ കോടതി പിരിഞ്ഞു പിന്നീട് അത് സംബന്ധിച്ച് തീരുമാനമെടുക്കും.
ശിക്ഷ നൽകാതെ പ്രശാന്ത് ഭൂഷണ് ഒരവസരംകൂടി കോടതിയിൽ നൽകിയിരിക്കുകയാണ്. കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുത് മാപ്പാക്കണം, പ്രശാന്ത് ഭൂഷൺ ആരോപണങ്ങൾ ഉന്നയിച്ച ജഡ്ജിമാരുടെ അഭിപ്രായങ്ങൾ കേൾക്കാതെയാണ് കോടതി തീരുമാനമെടുത്തത് എന്നീ അഭിപ്രായങ്ങൾ പരിഗണിച്ചു കൊണ്ട് ഉടനെ ശിക്ഷ വിധിക്കാതെ തീരുമാനം മാറ്റിവെക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. നിലപാടു തിരുത്തി കോടതിയിൽ മാപ്പ് പറഞ്ഞുകൊണ്ട് കേസ് അവസാനിപ്പിക്കാനുള്ള ഉപദേശം പ്രശാന്ത് ഭൂഷണ് നൽകുവാൻ അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വളരെ അസാധാരണമായ പരിണാമമാണ് ഈ കേസിൽ സുപ്രീം കോടതിയിൽ സംഭവിച്ചിരിക്കുന്നത്. ശിക്ഷ തീരുമാനിക്കുന്നതിന് മുമ്പ് ആദ്യം മൂന്നു ദിവസവും പിന്നീട് അര മണിക്കൂറും കുറ്റാരോപിതന് മാപ്പ് അപേക്ഷിക്കുവാൻ കോടതി അനുവദിച്ചു. കോടതിയലക്ഷ്യ കേസിൽ ശിക്ഷയ്ക്ക് വേണ്ടി വാദിക്കേണ്ട അറ്റോർണി ജനറലിന്റെ പിന്തുണയും കോടതിയ്ക്ക് കിട്ടാതായതോടെ ജഡ്ജിമാർക്കെതിരെ ഉള്ള ഗുരുതര ആരോപണങ്ങളിൽ നിന്നും അവരെ രക്ഷിക്കുവാൻ ഉത്തരവാദിത്വം ഉള്ളവരാണ് അഭിഭാഷകരും അറ്റോർണി ജനറലും എന്ന് കോടതി ഓർമിപ്പിച്ചു. എങ്കിലും അറ്റോണി ജനറൽ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുത് എന്ന ആവശ്യം ആവർത്തിച്ചതോടെ ഉപദേശിച്ചു തിരുത്തുവാനുള്ള ചുമതല അറ്റോർണി ജനറലിനെ ഏൽപ്പിച്ച് തൽക്കാലം ശിക്ഷ വിധിക്കാതെ കോടതി പിരിയുകയാണ് ഉണ്ടായത്. ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത കാര്യങ്ങളാണ് ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നടന്നത്.
പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പക്ഷെ ശിക്ഷ വിധിച്ചിട്ടില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ ശിക്ഷിക്കും എന്ന് ഉറപ്പാണ്. എന്ത് ശിക്ഷയാണ് പ്രശാന്ത് ഭൂഷണ് നൽകേണ്ടത് എന്ന് അഭിപ്രായം പറയുവാൻ ജസ്റ്റിസ് അരുൺ മിശ്ര കോടതി പിരിയുന്നതിനു മുൻപ് അറ്റോർണി ജനറലിനോട് ചോദിച്ചിട്ടുണ്ട്.