പാരിസ്ഥിതിക നാശവും കാലാവസ്ഥാ വ്യതിയാനവും വരുത്തി വയ്ക്കുന്ന നിരവധി ദുരന്തങ്ങളില്‍ ഒന്നാണ് കൊറോണയുമെന്ന് ഗവേഷകര്‍

കാലിഫോര്‍ണിയ : കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാംക്രമിക രോഗ പഠന വിഭാഗം പ്രൊഫസറായ ക്രിസ്റ്റീന്‍ കെ ജോണ്‍സണ്‍ പറയുന്നത് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യസമൂഹത്തിലേക്ക് തുറന്നു വിടുന്ന നൂറു കണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് കൊവിഡ് 19 എന്നത്രേ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആയിരത്തിനടുത്ത് ജന്തുജന്യ രോഗങ്ങള്‍ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ മനുഷ്യരെ ബാധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിപ്പയും, എബോളയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ പട്ടികയില്‍ സാര്‍സും മെര്‍സും ഉള്‍പ്പെടെ 92 ഇനം കൊറോണ വൈറസുകളുണ്ടെന്നും ക്രിസ്റ്റീന്‍ ജോണ്‍സണ്‍ പറയുന്നു.

സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന കൊറോണ വൈറസുകളില്‍ പലതും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്നു. കൊവിഡ് 19 നു മുന്‍പ് ചൈനയില്‍ തന്നെയാണ് സാര്‍സും പൊട്ടിപ്പുറപ്പെട്ടത്. തെക്കന്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ട രോഗം 17 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു. 2002 നവംബറിനും 2003 ജൂലൈക്കും ഇടയില്‍ 774 പേരെ സാര്‍സ് കൊന്നൊടുക്കി. രോഗബാധിതരായി 8098 പേരെയാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുമായി കണ്ടെത്തിയത്.

ഒരിനം വവ്വാലുകളും മരപ്പട്ടികളുമാണ് സാര്‍സ് മനുഷ്യരിലേക്കെത്തിച്ചത് എന്ന് ചൈനയിലെ ശാസ്ത്രജ്ഞര്‍ പിന്നീട് തെളിയിച്ചു. മെര്‍സ് ഒട്ടകങ്ങളില്‍ നിന്നുമാണ് മനുഷ്യരില്‍ എത്തിയത് എന്നാണ് നിഗമനം. ആവാസ വ്യവസ്ഥകളുടെ നാശവും കാലാവസ്ഥാ വ്യതിയാനവും മൂലം സമ്മര്‍ദ്ധത്തിലാകുന്ന ജീവജാലങ്ങള്‍ രോഗങ്ങള്‍ക്ക് കീഴടങ്ങുകയും അത് പലപ്പോഴും മനുഷ്യരിലേക്കെത്തുകയുമാണ് ചെയ്യുന്നതത്രേ.

Share
അഭിപ്രായം എഴുതാം