ചിലര്‍ എന്റെ പാട്ടുകള്‍ ഒഴിവാക്കുന്നത് യാഥാര്‍ത്ഥ്യമാണ് നാദിര്‍ഷ

കൊച്ചി: പാരഡി ഗാനങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച് സിനിമയിലേക്കെത്തിയ നടനാണ് നാദിര്‍ഷ. പാരഡി ഗാനങ്ങളുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട നാദിര്‍ഷ പക്ഷേ സിനിമയില്‍ സംഗീതം ചെയ്തപ്പോള്‍ പലരും അംഗീകരിക്കാന്‍ മടിച്ചു. തന്നെ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയുണ്ടെന്നു ഒരു അഭിമുഖത്തില്‍ നാദിര്‍ഷ തുറന്നു പറയുന്നു.

ചില മലയാള സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള താന്‍ അമര്‍ അക്ബര്‍ അന്തോണി ചെയ്തപ്പോള്‍ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തു. പക്ഷേ അതിന്റെ സംഗീത സംവിധാനം താന്‍ ആണെന്ന് പലര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. നാദിര്‍ഷ പറയുന്നു.

എന്നോ ഞാന്‍ എന്റെ മുറ്റത്ത് ഒരു അറ്റത്ത് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമാണ് ഞാന്‍ ചെയ്തത്. അത് അറിയുമ്പോള്‍ ചിലരുടെ നെറ്റി ചുളിയും. അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുമ്പോള്‍ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടര്‍ ആരാണ് എന്നറിയുമ്പോള്‍ ഗാനം അതേ പോലെ മാറ്റി നിര്‍ത്തും. ഇതാണ് സംഭവിക്കുന്നത്. എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമാണ്. ‘നാദിര്‍ഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ’ എന്ന മനോഭാവമാണ് പലരിലും എന്നാണ് നാദിര്‍ഷ വിലയിരുത്തുന്നത്. പക്ഷേ പാരഡി ഗായകന്‍ എന്ന ബാനര്‍ ഇല്ലായിരുന്നുവെങ്കില്‍ തന്റെ ലൈഫില്‍ ഒന്നുമാകില്ലായിരുന്നു എന്ന് നാദിര്‍ഷ പറയുന്നു. മിമിക്രിയും പാരഡിയുമാണ് ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെ വളര്‍ത്തിയത് എന്നും നാദിര്‍ഷ വ്യക്തമാക്കി

Share
അഭിപ്രായം എഴുതാം