കൊച്ചി: പിതാവും നടനുമായ തിലകന് സംവിധാനം ചെയ്ത ഒരു പഴയ നാടകത്തിന്റെ ഓര്‍മകളുമായി മകന് ഷമ്മി തിലകന്. നാടകത്തിലെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനോടൊപ്പമാണ് ഓര്‍മകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നടി പൌളി വില്‍സനും നാടകത്തിന്റെ ഭാഗമായിട്ടുണ്ട്. പൌളിക്ക് മുന്നിലിരിക്കുന്ന ആ പതിമൂന്നു വയസുകാരന് താനാണെന്ന് പറയുകയാണ് ഷമ്മി.
ഷമ്മി തിലകന്റെ കുറിപ്പ്:
കുത്തിപ്പൊക്കല്‍ പരമ്പര സോഷ്യലിസം1980. Drama Script : P.J.Antony. Direction : Thilakan. കലാലോകത്ത് ദൈവതുല്യനായി ഞാന്‍ കാണുന്നതും, ഭരതമുനിയുടെ പ്രതിച്ഛായ ദര്ശിച്ചിട്ടുള്ളതുമായ പി.ജെ ആന്റണി രചിച്ച്, തൃപ്പൂണിത്തുറ കലാശാല എന്ന നാടക സമിതിക്ക് വേണ്ടി എന്റെ പിതാവ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിച്ച സോഷ്യലിസം എന്ന സൂപ്പര്‍ ഹിറ്റ് നാടകത്തിന്റെ അരങ്ങേറ്റവേളയില്‍ എടുത്ത ചിത്രം.! ചിത്രത്തില്‍ അച്ഛന്റെ ഇടംവലം ഇരിക്കുന്നത്; കഥകളി ആചാര്യന് കലാമണ്ഡലം കൃഷ്ണന് നായരുടെയും, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ(എന്റെ ഗുരു)യുടെയും മകനും പ്രശസ്ത നടനുമായ കലാശാല ബാബുവും അദ്ദേഹത്തിന്റെ ജേഷ്ഠസഹോദരന് കൃഷ്ണകുമാറും(സമിതി ഉടമസ്ഥര്‍) ആണ്. വലത്തെ അറ്റം ഇരിക്കുന്നത് പ്രശസ്ത അഭിനേത്രി പൗളി. പൗളി ചേച്ചിയുടെ മുമ്പില്‍ നിലത്ത് ഇരിക്കുന്ന 13 വയസുകാരന് ചുള്ളന് ഞാന്‍ തന്നെയാട്ടോ.! അമ്മയാണെ സത്യം.!