കണ്ണൂര്‍ : ക്വാറിക്കെതിരെ പരാതി നല്‍കിയ ആദിവാസി യുവാവ് രാഗേഷിന്‍റെ കൊലപാതകം ക്വാറി മാഫിയാ ആണെന്ന് കുടുംബം. 2020 ജൂലൈ 5 നാണ് രാഗേഷിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ക്വാറിക്കെതിരെ സമരം ചെയ്‌തിരുന്ന രാഗേഷിന് ക്വാറിയുടമയില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്നും അക്കാര്യം പോലീസില്‍ അറിയിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും രാഗേഷിന്‍റെ ഭാര്യ വാര്‍ത്താ ഏജന്‍സി കളോട് പറഞ്ഞു.
കണ്ണവം തൊടീക്കളത്തെ ആദിവാസി കോളനിക്കടുത്തുളള കരിങ്കല്‍ ക്വാറിക്കെതിരെയാണ് രാഗേഷിന്‍റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നത്. ആദിവാസി കുടുംബങ്ങള്‍ ഒപ്പിട്ട ഒരു പരാതി ലീഗല്‍ സര്‍വീസ് അതോരിറ്റിക്ക് അവര്‍ നല്‍കിയുരുന്നു. പ്രസ്‌തുത പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ഉദ്യേഗസ്ഥര്‍ വരുന്നതിന്‍റെ തലേദിവസമാണ് രാഗേഷ് കൊല്ലപ്പെടുന്നത്.
എന്നാല്‍ വീടിനടുത്തുളളവരുടെ ആടിനെ മോഷ്ടിച്ചതുമായുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ വിശദീകരണം. കേസില്‍ ആദിവാസികളായ ബാബു, രവി, എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
രാഗേഷുമായുളള തര്‍ക്കങ്ങള്‍ നേരത്തേ പരിഹരിച്ചിരുന്നുവെന്നും, സര്‍ക്കാരിന്‍റെ എല്ലാ അനുമതിയും വാങ്ങിയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ക്വാറി മാനേജര്‍ വിശദീകരിക്കുന്നു. ലോക്കല്‍ പോലീസിന്‍റെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരി ക്കുകയാണ്.