പാല: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്ന വഴി ബോധരഹിതനായി വീണു പോയ ആളുടെ പക്കല്‍ നിന്നും മൂന്നുപവന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. 2020 ഓഗസ്റ്റ് 19ന് രാത്രി 12.30 ഓടെയാണ് സംഭവം. ബാങ്ക് ഓഫ് ബറോഡയുടെ തൊടുപുഴ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ അന്തീനാട് ഓലിക്കല്‍ മനു സ്‌കറിയാ ആണ് വഴിയില്‍ വീണത്.
സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിഷ്ണു(26), വിളകുട ജെയ് ഭവനില്‍ മണിക്കുട്ടന്‍ എന്നുവിളിക്കുന്ന സെന്‍കുമാര്‍ (29), ആവണീശ്വരം ഹരിഭവനില്‍ ഹരി (20) എന്നിവരാണ് പിടിയിലായത്
ശരീരം ചൊറിഞ്ഞ് തടിച്ചതിനെ തുടര്‍ന്ന് രാത്രി പ്രവിത്താനത്തുളള സ്വകാര്യാശുപത്രിയിലേക്ക് പോകുമ്പോഴാണ് ബോധരഹിതനായി വീണത്. തൊടുപുഴപാല റൂട്ടിലെ ആശുപത്രിക്ക് 50 മീറ്റര്‍ മാറി റോഡില്‍ വീഴുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് ബോധം തെളിയുന്നത്. ഉണര്‍ന്നപ്പോള്‍ ഫോണും മാലയും നഷ്ടപ്പെട്ടിരുന്നു.
ഉടനെതന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴക്കു സമീപം വെങ്ങല്ലൂരിലെ സിസി ടീവിയില്‍ പതിഞ്ഞ കെഎല്‍ 26 ല്‍ തുടങ്ങുന്ന കാറിനെക്കുറിച്ച വിവരം ലഭിക്കുന്നത്. നമ്പറിന്റെ ബാക്കി ഭാഗങ്ങള്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ആശുപത്രിക്ക് സമീപമുളള സിസി ടിവി ദൃശ്യങ്ങളില്‍ മൂന്നുപേര്‍ നടന്നുപോകുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. പ്രതികള്‍ മൂന്നാറിലേക്ക പോകുമ്പോഴാണ് വഴിയില്‍ വീണുകിടക്കുന്ന മനുവിനെ കണ്ടത്