ന്യൂഡല്‍ഹി: ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ അന്വേഷണവുമായി കേന്ദ്രം. കേന്ദ്രത്തിൻറെ ആവശ്യപ്രകാരം ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. വിദേശ സംഭാവന സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങണമെന്നും ആ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ ഇന്ത്യയിൽ പ്രവർത്തിക്കാൻ എമിറേറ്റ്സ് റെഡ് ക്രെസന്‍റിന് അനുമതിയുണ്ടോ എന്ന വിവരം കേന്ദ്രം പരിശോധിച്ചു വരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥൻറെ വിസയും പരിശോധിക്കുന്നുണ്ട്. വിസ ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് സംശയം.
വിദേശ സന്നദ്ധ സംഘടനകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ വിദേശകാര്യ വകുപ്പിന്‍റെ അനുമതി ആവശ്യമാണ്, മാത്രമല്ല എഫ്സിആർ എ പ്രകാരമുള്ള രജിസ്ട്രേഷനും നടക്കേണ്ടതുണ്ട്. റെഡ് ക്രോസിന് ഗൾഫ് രാജ്യങ്ങളെ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റെഡ് ക്രെസന്‍റ് എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. റെഡ് ക്രോസിന് മാത്രമാണ് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ഈ അനുമതി റെഡ് ക്രെസന്‍റിന് ഉപയോഗിക്കാൻ കഴിയുമോ എന്ന വിഷയം കേന്ദ്രം പരിശോധിക്കുന്നു.