കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊളളാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ ചികിത്സയ്ക്കായി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി അനുമതി നല്‍കി സര്‍ക്കാര്‍ ഇതിനകം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉളള രോഗബാധിതരെ ചികിത്സിക്കുന്നതിന് നാല് സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലയിലുളളത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതര്‍ക്കു വേണ്ടി ഏഴ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തദ്ദേശ സയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ ഈ സൗകര്യങ്ങള്‍ കൊണ്ട് മാത്രം എല്ലാ തരം രോഗികളെയും ഉള്‍ക്കൊളളുക പ്രയാസമായിരിക്കും. അതുകൊണ്ട് പ്രകട രോഗ ലക്ഷണങ്ങള്‍ ഉളളവരുടെ ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. ജില്ലയില്‍ ഏതാനും സ്വകാര്യ ആശുപത്രികളില്‍ ഇതിനകം കൊവിഡ് ചികിത്സആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്വകാര്യ ആശുപത്രികളില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ചികിത്സ ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കണം. ഇത് മറ്റു സ്വകാര്യ ആശുപത്രികള്‍ കൂടി മാതൃകയാക്കണമെന്നും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി മുന്നോട്ട് വരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7294/-Covid-19:–Treatment-in-private-hospitals.html

Share
അഭിപ്രായം എഴുതാം